Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്നുള്ള കൈനീട്ടത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ആവേശം, പ്രതീക്ഷ

കോഴിക്കോട്- കാല്‍പന്ത് കളിയെ നെഞ്ചോട് ചേര്‍ത്ത കോഴിക്കോടിന് പുതിയ പ്രതീക്ഷയേകുകയാണ് സൗദി രാജകുടുംബത്തിന്റെ കൈ നീട്ടം. കേരള പ്രീമിയര്‍ ലീഗ് റണ്ണര്‍ അപ്പായ കാലിക്കറ്റ് ക്വാര്‍ട്‌സ് ഫുട്ബാള്‍ ക്ലബ് സൗദി രാജകുമാരന്‍ അബ്ദുല്ല ബിന്‍ മുസാഅദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഗ്രൂപ്പിന് കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫില്‍ഡ് യുനൈറ്റഡ് അടക്കം മൂന്ന് ടീമുകള്‍ നേരത്തെയുണ്ട്.


കേരളത്തിലെ ഫുട്‌ബോള്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് യുനൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ വരവെന്ന് ജില്ലാ റഫറീസ് അസോസിയേഷന്‍ സെക്രട്ടറി ഷാജേഷ് കുമാര്‍ മലയാളം ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മാത്രം അമ്പതിലേറെ ഫുട്‌ബോള്‍ അക്കാദമികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോന്നിലും അമ്പത് കുട്ടികളെങ്കിലും പരിശീലനം നേടുന്നുണ്ട്. ഇവര്‍ക്ക് വിദേശ ഫുട്‌ബോളുമായി ബന്ധപ്പെടാനും പരിചയവും പരിശീലനവും നേടാനും ഇത് അവസരം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ച് കാലമായി കോഴിക്കോടിന് മികച്ച കളിക്കാരെ സംഭാവന ചെയ്യാന്‍ കഴിയുന്നില്ലെന്ന വിഷമം മാറ്റാന്‍ ലോകത്തിലെ മികച്ച ഒരു ടീമിന്റെ പിന്തുണ ലഭിക്കുകയാണെന്ന് സ്‌പോര്‍ട് ലേഖകന്‍ കമാല്‍ വരദൂര്‍ പറഞ്ഞു.
1976ല്‍ തുടക്കം കുറിച്ച ക്വാര്ട്‌സ് ക്ലബിന്റെ ചെയര്‍മാന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയായ പി. ഹരിദാസാണ്. 2009ല്‍ ക്ലബ് പുതിയ കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ അക്കാദമി രൂപീകരിച്ചു. 2011ല്‍ പ്രൊഫഷനല്‍ ക്ലബായി മാറുകയും കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുകയും ചെയ്തു. അവസാന സീസണില്‍ കേരള പ്രീമിയര്‍ ലീഗ് റണ്ണര്‍ അപ്പായ ടീം ഇപ്പോള്‍ ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ലീഗില്‍ കളിക്കും. യുനൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ്  ഏറ്റെടുത്തതോടെ ക്ലബ്ബിന്റെ പേര് കേരള യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ഷെഫീല്‍ഡ് യുനൈറ്റഡ്, ബെല്‍ജിയം പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ബീര്‍ഷ്‌കോട്ട്, യു.എ.ഇ സെക്കന്റ് ഡിവിഷന്‍ ലീഗിലെ അല്‍ഹിലാല്‍ യുനൈറ്റഡ് എന്നീ ക്ലബ്ബുകളും ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്.
ഇന്ത്യന്‍ ഫുട്‌ബോളില്‍ ആദ്യം യുനൈറ്റഡ് ഗ്രൂപ്പ് ശ്രദ്ധിച്ചത് കൊല്‍ക്കത്തയെയും മുംബൈയെയുമാണ്. പിന്നീടാണ് കേരളത്തിലേക്കും കോഴിക്കോട്ടേക്കും ശ്രദ്ധയെത്തുന്നത്. ഫുട്‌ബോളിനെ ഒരു വികാരമായി കാണുന്ന കേരളത്തിന് അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ള കൈത്താങ്ങായി ഈ സംരംഭം മാറുമെന്നാണ് പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ്‌സി.യുമാണ് ഇപ്പോള്‍ കേരള ഫുട്‌ബോളിന് പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ ഭാവിയില്‍ ഇത് യുനൈറ്റഡിലേക്ക് മാറുമെന്ന് കരുതുന്നു. പ്രത്യേകിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള ടീമിന്റെ അനുഭവം പരിചയം എന്നിവ കേരളത്തിനും മുതല്‍ കൂട്ടാകുമെന്ന് ഷാജേഷ് പറഞ്ഞു.

 

Latest News