അജ്മാൻ- പ്രമുഖ ജ്വല്ലറിയിൽനിന്ന് ഒരു മില്യൺ റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ഏഷ്യൻ വംശജ പിടിയിലായി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് യുവതിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്.
ഏഷ്യൻ വംശജനായ ഒരാൾ തന്റെ ഫഌറ്റിൽ നിന്ന് 9,45,500 ദിർഹമും 1,50,000 ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങളും കളവ് പോയതായി വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അജ്മാൻ സി.ഐ.ഡി ആക്ടിംഗ് മേധാവി മേജർ അഹ്മദ് സഈദ് അൽനഈമി പറഞ്ഞു. സംഭവ സ്ഥലത്ത് എത്തി പ്രാഥമികമായ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച അന്വേഷണ സംഘമാണ് മോഷണത്തിന് തുമ്പുണ്ടാക്കിയത്. ഫഌറ്റിലെ ജീവനക്കാരൻ നൽകിയ മൊഴിയാണ് യുവതിയെ പിടികൂടുന്നതിൽ നിർണായകമായതെന്ന് മേജർ അൽ നഈമി വ്യക്തമാക്കി. സംഭവ ദിവസം ടാക്‌സി കാറിൽനിന്ന് ഇരുമ്പ് പെട്ടിയുമായി ഇറങ്ങി ഫഌറ്റ് തുറന്ന് മുഖാവരണം ധരിച്ച യുവതി അകത്തു കടക്കുന്നതും ഏതാനും സമയത്തിന് ശേഷം പുറത്തേക്ക് പോകുന്നതും കണ്ടതായി ജീവനക്കാരൻ മൊഴി നൽകി. ഷാർജയിൽ താമസിക്കുന്ന 20 കാരിയായ അഫ്ഗാൻ യുവതിയാണ് പിടിയിലായത്. പണം നഷ്ടമായ വ്യക്തിയുടെ ബന്ധുവാണ് യുവതി.