ജിദ്ദ- മുസ്‌ലിം ലീഗ് നേതാവും ഏറനാട് മണ്ഡലം എം.എൽ.എയുമായ പി.കെ ബഷീർ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖുമായി കോൺസുലേറ്റിൽ കൂടിക്കാഴ്ച നടത്തി. മക്കയിൽ വെടിയേറ്റു മരിച്ച അകമ്പാടത്ത് മുനീറിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് സി.ജിയുമായി ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.
പാസ്‌പോർട്ടിലെ പേരുമാറ്റം തുടങ്ങിയ തിരുത്തുകൾ വരുത്തുന്നതിനുള്ള അപേക്ഷകളിൽ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുഭാവപൂർവമായ മറുപടിയാണ് കോൺസൽ ജനറലിൽനിന്നു ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
മലയാളി സമൂഹത്തിന് ഒന്നടങ്കം ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കേരളോത്സവം വിജയകരമാക്കാൻ നേതൃത്വം നൽകിയതിന് കോൺസൽ ജനറലിനെ പി.കെ. ബഷീർ അഭിനന്ദിച്ചു.
കെ.എം.സി.സി ഏറനാട് മണ്ഡലം ഭാരവാഹികളായ സുൽഫീക്കർ ഒതായി, അസ്‌കർ എടവണ്ണ, നാസർ ഒളവട്ടൂർ എന്നിവരും കൂടെയുണ്ടായിരുന്നു.