- കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി
മലപ്പുറം ജില്ലയുടെ കിഴക്കൻ മലമ്പ്രദേശമായ നിലമ്പൂർ തേക്ക് പെരുമയാൽ പ്രസിദ്ധമാണ്. ലോകത്തിലെ തന്നെ തേക്ക് വിഭവങ്ങൾ കൊണ്ട് സമ്പന്നമായ തേക്കറിവുകൾ പകർന്നു നൽകുന്ന ഏക തേക്ക് മ്യൂസിയം നിലമ്പൂരിലാണ്. ഇതു മാത്രമല്ല മറ്റനേകം പ്രകൃതി കാഴ്ചകളാൽ അനുഗൃഹീതമായ ഈ പ്രദേശം കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ അതിപ്രധാനമായ ഒരിടം കൂടിയാണ്. നീലഗിരിക്കുന്നുകളിലൂടെ ഊട്ടിയിലേക്കുള്ള യാത്രക്കെത്തുന്നവർക്കുള്ള കേരളത്തിലെ നഗര കവാടം കൂടിയാണ് നിലമ്പൂർ. തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന നിലമ്പൂർ അസംബ്ലി മണ്ഡലത്തിന്റെ വടക്കേയറ്റം തമിഴ്‌നാടിനോട് തൊട്ടുരുമ്മി അതിർത്തി പങ്കിടുന്നു. നിലമ്പൂർ ചന്തക്കുന്നു ടൗണും പിന്നിട്ട് വടക്കോട്ടുള്ള ഏതു വഴിയിൽ സഞ്ചരിച്ചാലും മലകളും കുന്നുകളും കാട്ടുചോലകളും മുളങ്കാടുകളും പിന്നിട്ടേ പ്രകൃതിയൊരുക്കുന്ന കാഴ്ചകളുടെ മടിത്തട്ടിലൂടെ യാത്ര ചെയ്യാനാവൂ.
ഈ അടുത്ത കാലത്തായി നിലമ്പൂരിലെത്തുന്ന ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്നത് കക്കാടംപൊയിലിൽ കഴിഞ്ഞ ജനുവരിയിൽ പ്രവർത്തന മാരംഭിച്ച പി.വി.ആർ.ടൂറിസം വില്ലേജിൽ സ്ഥിതി ചെയ്യുന്ന വാട്ടർ തീം പാർക്കിൽ എത്തിപ്പെടുവാനാണ്. നിലമ്പൂരിലെ എം.എൽ.എ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള ഈ പാർക്ക് ഇയ്യിടെയായി മീഡിയകളിൽ വിവാദപരമായി നിറഞ്ഞു നിൽക്കുക കൂടി ചെയ്തതിനു ശേഷം കക്കാടംപൊയിലിലേക്കുള്ള യാത്രികരുടെ ഒഴുക്ക് തന്നെയാണുണ്ടാവുന്നത്.
ചന്നം പിന്നം പെയ്തിരുന്ന മഴ വിട്ടൊഴിയാതെ നിന്ന സെപ്റ്റംബറിന്റെ അവസാന നാളിലാണ് കഥാകാരനായ അബു ഇരിങ്ങാട്ടിരിയും കുടുംബവും കക്കാടംപൊയിൽ കാണുകയെന്ന ഉദ്ദേശ്യത്തോടെ എന്നെത്തേടി എത്തുന്നത്. പിന്നെ സമയം കളയാതെ രാവിലെ പത്ത് മണിക്ക് മുമ്പായി തന്നെ നിലമ്പൂരിലെ ചാലിയാർ പാലവും കടന്ന് ഞങ്ങൾ മരങ്ങൾക്കിടയിലൂടെ യാത്ര ചെയ്ത് അകമ്പാടത്ത് എത്തി.
അകമ്പാടം എന്ന മലയോര അങ്ങാടി പിന്നിടുന്നതോടെയാണ് ഈ യാത്ര ശരിക്കും ഒരു ത്രില്ലായി മാറുന്നത്. പിന്നെ റോഡിന്റെ ഇരുവശവും കാടും ചിലയിടത്തെല്ലാം റബർ എസ്‌റ്റേറ്റും എല്ലാം വഴിയോരക്കാഴ്ചകളിൽ ഹരിതക്കാഴ്ചകളൊരുക്കി യാത്രയെ ഹരിതാഭമാക്കുന്നു.
ശരിക്കും പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്കുള്ള മലകൾക്കും അണക്കെട്ടുകൾക്കും ഇടയിലൂടെയുള്ള തെക്കൻ യാത്രയെ അനുസ്മരിപ്പിക്കുന്ന തരത്തിലാവും പിന്നീടങ്ങോട്ട് കോഴിപ്പാറ വെള്ളച്ചാട്ടം വരെയുള്ള സഞ്ചാരം. വെണ്ണേക്കോട്, അമ്പുമല, ചീങ്കണ്ണിപ്പാലി, തോട്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായി ഒമ്പതോളം ആദിവാസി കോളനികൾ ഈ വഴിയോരങ്ങൾക്കുള്ളിലായുണ്ട്. മൂലേ പാടത്തും നിന്നും 14 കി.മീ ദൂരം കക്കാടംപൊയിൽ വരെയുള്ള യാത്ര ഇപ്പോൾ വലിയ ദുർഘടമാണ്. കാലവർഷം കനത്തത്തോടെ ചെങ്കുത്തായ കയറ്റമായ റോഡിൽ പലയിടത്തും മലവെള്ളത്തിന്റെ കുത്തൊഴുക്കിനാൽ പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്. എന്നിരുന്നാലും വാഹനത്തിലിരുന്ന് ഏതു കോണിലേക്ക് ദൃഷ്ടി പായിച്ചാലും കൂറ്റൻ മലകളും മലകളെ പകുത്ത് മാറ്റി കുത്തനെ ഒലിച്ചിറങ്ങുന്ന ചോലകളുടെ വെളുത്ത ദൃശ്യങ്ങളുമൊക്കെ കണ്ണും മനവും മയക്കുന്ന കാഴ്ചകൾ തന്നെയാവും. ചങ്ങനപ്പുല്ലുകൾ കാടായി വളർന്ന് റോഡിനിരുവശവും തിങ്ങിനിൽക്കുന്നത് സഞ്ചാരികളെ വരവേൽക്കാനുള്ള പച്ചപ്പരവതാനിയായി തോന്നിപ്പിക്കും പലയിടത്തും.
വെണ്ടേക്കും പൊയിൽ ഹെയർ പിൻ വളവിൽ ഹോട്ടലും ചെറിയ കടകളുമൊക്കെയൊരുക്കി സഞ്ചാരികൾക്ക് വിശ്രമത്താവളമൊരുക്കിയതു പോലെയാണ്. ഇവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കുത്തനെ മല കയറി ഏതാണ്ട് 3 കി.മീറ്റർ ദൂരം സഞ്ചരിച്ചെത്തുമ്പോഴേക്കും പ്രകൃതിയുടെ വിസ്മയക്കാഴ്ചകളൊരുക്കി കക്കാടംപൊയിൽ സഞ്ചാരികൾക്ക് സ്വീകരണമൊരുക്കും. കാട്ടരുവികളും മഞ്ഞും കോടയും രമിച്ചുല്ലസിക്കുന്ന മലമേടുകളും മതിവരുവോളം കണ്ടാണ് പി.വി.ആർ ടൂറിസം വില്ലേജിൽ നമ്മളെത്തുക.
സമുദ്രനിരപ്പിൽ നിന്നും 2950 അടി ഉയരത്തിൽ 13 എക്കർ സ്ഥലത്താണ് ഈ പാർക്ക് നിലകൊള്ളുന്നത്. കുട്ടികൾക്കും ഫാമിലിക്കും ടീനേജുകൾക്കും വേണ്ട എല്ലാ ഉല്ലാസക്കാഴ്ചകളും സാഹസിക സല്ലാപത്തിനുമുള്ള ഒരുക്കങ്ങളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിലുപരി ഈ പാർക്കിന്റെ ഏറ്റവും വലിയ മനോഹാരിതയും ആകർഷണീയതയും കുടികൊള്ളുന്നത് അത് നിലനിൽക്കുന്ന പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന അന്തരീക്ഷം തന്നെയാണ്.
പരന്നൊഴുകുന്ന പൊൻപ്രഭ ചൊരിയുന്ന വെയിലിലും സമുദ്രം പോലെ തോന്നിപ്പിക്കുന്ന പടിഞ്ഞാറൻ ചക്രവാളങ്ങളിൽ നിന്നും പതിഞ്ഞു വീശുന്ന കാറ്റിൽ നമ്മുടെ ശരീരം മാത്രമല്ല മനസ്സും കുളിർക്കും. ഞൊടിയിടയിൽ തന്നെ മട്ടുമാറി പ്രകൃതി കോടയും മഞ്ഞും പൊഴിച്ച് നമ്മെ ഒരുതരം വിഭ്രാത്മകമായ മായക്കാഴ്ചയിലേക്ക് നയിക്കുന്നതും മറ്റൊരിടത്തു നിന്നും ലഭിക്കാത്ത അനുഭൂതിയാവും സമ്മാനിക്കുക.
ഈ പാർക്കെത്തുവോളം മലപ്പുറം ജില്ലയിലൂടെയാണ് യാത്രയെങ്കിൽ മനോഹരമായ ഈ പാർക്ക് സ്ഥിതി ചെയ്യുന്നിടവും കക്കാടംപൊയിൽ അങ്ങാടിയും കോഴിക്കോട് ജില്ലയുമായി മാറുകയാണ്.
വീണ്ടും കുറച്ചു ദൂരം മാത്രം വലത്തു മാറി കീഴ്‌പോട്ട് സഞ്ചരിച്ചാൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ എത്താം. കോഴിപ്പാറ മലപ്പുറം ജില്ലയുടെ ജല ടൂറിസമായി അറിയപ്പെടുന്ന സ്ഥലവുമാണ്. ആതിരപ്പള്ളിക്കും മേലെ വാഴച്ചാലിലെ പതൊഞ്ഞുഴുകുന്ന വെള്ളപ്പാച്ചിലിനെപ്പോലെയാണ് മലപ്പുറത്തിന്റെ ഇക്കോ ടൂറിസത്തിൽ അടയാളപ്പെട്ടു കിടക്കുന്ന കോഴിപ്പാറ വെള്ളച്ചാട്ടം. ഇതും കക്കാടംപൊയിലിലേക്കുള്ള സഞ്ചാരികൾക്ക് ഏറെ സംതൃപ്തി നൽകുന്ന ഒരിടം തന്നെയാണ്.
കക്കാടംപൊയിൽ മഞ്ഞിനാലും ചെറിയ തോതിലുള്ള ചാറ്റൽ മഴയാലും കുളിരണിഞ്ഞ് ഇരുട്ടിന്റെ കരിമ്പടത്തിലേക്ക് ഊർന്നിറങ്ങും മുമ്പ് തന്നെ മലയിറങ്ങേണ്ടിയിരുന്നതിനാൽ ഞങ്ങളുടെ വാഹനം കുണ്ടും കുഴിയും താണ്ടി താഴെ നിലമ്പൂരിനെ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നപ്പോഴും ഞങ്ങൾ കക്കാടംപൊയിലിലെ മഞ്ഞിന്റെ ആവരണത്തിൽ ഒരു കിനാവിൽ അകപ്പെട്ട പ്രതീതിയിലായിരുന്നു.