ചാലക്കുടി- കൊരട്ടി പടിഞ്ഞാറേ അങ്ങാടിയില്‍ ഇറിഗേഷന്‍ കനാലില്‍ തിരുമുടിക്കുന്ന് സ്വദേശി വലിയവീട്ടില്‍ എബി (33) എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. വ്യാഴാഴ്ച രാവിലെ കനാലില്‍ മൃതദേഹം കാണപ്പെട്ടതിനെത്തുടര്‍ന്ന് കൊരട്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ചാലക്കുടി കൊന്നക്കുഴി സ്വദേശി കിഴക്കേപ്പുറത്തു വീട്ടില്‍ അനില്‍ (27), കുലയിടം പാറയം കോളനിയില്‍ താമസിക്കുന്ന കക്കാട്ടില്‍ വീട്ടില്‍ വിജിത്ത് (32) എന്നിവരെ അറസ്റ്റു ചെയ്തു.
എബിനും പ്രതികളായ രണ്ടു പേരും തലേ ദിവസം ഉച്ചക്ക് ചെറുവാളൂര്‍ , കട്ടപ്പുറം എന്നീ കള്ളുഷാപ്പുകളില്‍ ഒരുമിച്ച് മദ്യപിച്ചിരുന്നെന്നും ഷാപ്പില്‍ മദ്യപിക്കുന്നതിനിടയില്‍ എബിന്‍ പ്രതികളുടെ പഴ്‌സും, ഫോണും മോഷ്ടിച്ചെന്നും അതിനെത്തുടര്‍ന്ന് ഉണ്ടായ അടിപിടിയാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
കള്ള് ഷാപ്പില്‍ വെച്ച് നടന്ന മര്‍ദനത്തില്‍ അവശനായ എബിനേയും താങ്ങി പിടിച്ച് രാത്രി ഒമ്പത് മണിയോടെ ജനവാസം കുറഞ്ഞ കനാല്‍ ഭാഗത്ത് എത്തിക്കുകയും അവശനായ എബിയെ കനാലിലേക്ക് തള്ളിയിടുകയുമായിരുന്നു. തുടര്‍ന്ന് ഒന്നാം പ്രതി രണ്ടാം പ്രതിയുടെ കുലയിടത്തെ വീട്ടില്‍ കിടന്നുറങ്ങി വെളുപ്പിന് 4 മണിയോടെ വീണ്ടും എബിന്‍ കിടന്നിരുന്ന കനാലില്‍ എത്തി മരണം ഉറപ്പാക്കിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
മൃതദേഹത്തിന്റെ 20 വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നെന്നും ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് രക്ത സ്രാവം ഉണ്ടായതാണ് മരണത്തിന് കാരണമെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പോലീസ് സര്‍ജന്‍ കണ്ടെത്തിയിരുന്നു.