Sorry, you need to enable JavaScript to visit this website.

കമല ഹാരിസിന്റെ സ്ഥാനലബ്ധി 

കമല ഹാരിസ് ഏതാനും ആഴ്ചകൾക്കകം അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനമേൽക്കും. അടുത്ത തവണ അവർ പ്രസിഡന്റ് പദത്തിലെത്താനും സാധ്യതയേറെയാണ്. യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കി കമല ഹാരിസ് രചിച്ചത് ഒരു പുതുചരിത്രമാണ്. എന്നാൽ അതിനൊപ്പം തന്നെ സോഷ്യൽ മീഡയയിൽ എറ്റവും കൂടുതൽ ആളുകൾ തെരഞ്ഞത് ആരാണ് ഈ കമല ഹാരിസ് എന്നാണ്.
1964 ഒക്ടോബർ ഇരുപതിന് കാലിഫോർണിയയിലെ ഓക്‌ലാൻഡിലാണ് ഇന്ത്യയിൽ വേരുള്ള കമലയുടെ ജനനം. ജമൈക്കക്കാരനായ പിതാവ് ഡൊണാൾഡ് ഹാരിസ് സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ്. തമിഴ്‌നാട്ടുകാരിയായ ശ്യാമള ഗോപാലനാണ് മാതാവ്. അറുപതുകളിൽ പഠനാവശ്യത്തിനായി അമേരിക്കയിലേക്ക് പോയ ശ്യാമള പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഡൊണാൾഡ് ഹാരിസുമായുള്ള വിവാഹം. സ്തനാർബുദ ഗവേഷകയായ ശ്യാമള കുറച്ച് വർഷം മുൻപാണ് മരിച്ചത്. കമലക്ക് ഏഴു വയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 ാം വയസ്സിൽ കാനഡയിലെ ക്യുബെക്കിലെ മോൺട്രിയലിലേക്ക് അമ്മക്കും സഹോദരി മായക്കും ഒപ്പം കമല മാറി. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയായാണ് കമല അമ്മയെ കാണുന്നത്. സഹോദരി മായ അഭിഭാഷകയാണ്. ഹിലരി ക്ലിന്റന്റെ അഡൈ്വസറായും പ്രവർത്തിച്ചുവരുന്നു.


ഹോവഡ് സർവകലാശാലയിൽനിന്നും കലിഫോർണിയ സർവകലാശാലയുടെ ഹേസ്റ്റിങ്‌സ് കോളേജ് ഓഫ് ലോയിൽനിന്നും പഠിച്ചിറങ്ങിയ കമല സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബി.എ നേടിയതിനു പിന്നാലെ നിയമത്തിൽ ബിരുദം എടുക്കുകയും ചെയ്തു.
1990 ൽ കലിഫോർണിയ സ്‌റ്റേറ്റ് ബാറിൽ ചേർന്ന് തന്റെ കരിയറിൽ കമല ശ്രദ്ധിച്ചുതുടങ്ങി. തുടർന്ന്  അലമേഡ കൗണ്ടിയിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായി. 1998 ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസിലെ കരിയർ ക്രിമിനൽ യൂനിറ്റിന്റെ മാനേജിങ് അറ്റോർണിയായി അവർ ചുമതലയേറ്റെടുത്തു. 2000 ത്തിൽ അതേ ഓഫീസിന്റെ കമ്യൂണിറ്റി ആൻഡ് നെയ്ബർഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ ചുമതല വഹിക്കുമ്പോഴാണ് കലിഫോർണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചിൽഡ്രൻസ് ജസ്റ്റിസ് സ്ഥാപിച്ചത്.

 

പ്രോസിക്യൂട്ടറായ കമല ഹാരിസ് 2004 മുതൽ 2011 വരെ സാൻഫ്രാൻസിസ്‌കോ ഡിസ്ഡ്രിക്റ്റ് അറ്റോർണിയായും 2011 മുതൽ 2017 വരെ കലിഫോർണിയ അറ്റോർണി ജനറലായും പ്രവർത്തിച്ചിരുന്നു. 2010 ൽ കലിഫോർണിയ അറ്റോർണി ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജയും ആദ്യ വനിതയുമായി അവർ. 2016 നവംബറിലാണ് കലിഫോർണിയയിൽനിന്ന് കമല സെനറ്റിലെത്തിയത്. സെനറ്റിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഗവൺമെന്റൽ അഫയർ കമ്മിറ്റി, സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ്, കമ്മിറ്റി ഓൺ ജുഡീഷ്യറി ആൻഡ് കമ്മിറ്റി ഓൺ ബജറ്റ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ഇതാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. കഠിന പ്രയത്‌നങ്ങൾക്ക് ഏഴാം കടലിനക്കരെ അർഹമായ അംഗീകാരം ലഭിക്കുന്നു. 

Latest News