തിരുവനന്തപുരം- കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ അന്വേഷണസംഘത്തെയാണ് മാറ്റിയത്. തളിപ്പറമ്പ് ഡിവൈ. എസ്.പി രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണസംഘം. എ.ഡി.ജി.പി ജയരാജിന് മേൽനോട്ട ചുമതല നൽകി. ശ്രീജിത്തിന്റെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പഴയ അന്വേഷണസംഘത്തിലെ ആരും പുതിയ സംഘത്തിലുണ്ടാകരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.