Sorry, you need to enable JavaScript to visit this website.

പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം; സൗദി നേതൃത്വത്തില്‍ ജി-20 ഉച്ചകോടി ഇന്ന്

റിയാദ് - കൊറോണ മഹാമാരി ലോകത്തെയാകെ പിടിച്ചുലക്കുകയും വന്‍ ശക്തികള്‍ പോലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ലോക സമൂഹത്തിന് ഗുണകരമാകുന്ന സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്ന ജി-20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയുടെ ദ്വിദിന ഓണ്‍ലൈന്‍ ഉച്ചകോടി.
 അസാധാരണ സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി-20 രാഷ്ട്ര നേതാക്കള്‍ ഉച്ചകോടി ചേരുന്നതെന്ന് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടെയാണ് സൗദി അറേബ്യ നേരിട്ടത്. ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതല്‍ സൗദി അറേബ്യ സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്ത്രീകളും യുവാക്കളും അടക്കമുള്ളവര്‍ക്ക് ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും ഉചിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആളുകളെ ശാക്തീകരിക്കുക, ഭൂമിയെ സംരക്ഷിക്കുക, പുതിയ ചക്രവാളങ്ങള്‍ രൂപപ്പെടുത്തുക എന്നീ മൂന്നു കേന്ദ്ര ബിന്ദുക്കള്‍ക്ക് ഈ പ്രോഗ്രാം ഊന്നല്‍ നല്‍കുന്നു.
കൊറോണ മഹാമാരിയുടെ അനന്തര ഫലങ്ങളില്‍നിന്ന് മനുഷ്യ ജീവനും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാന്‍ സൗദി അറേബ്യ ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നു. കൊറോണ മഹാമാരിയെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ ഏകോപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മഹാമാരിയുടെ തുടക്കത്തില്‍ തന്നെ സൗദി അറേബ്യ വിര്‍ച്വല്‍ രീതിയില്‍ ജി-20 രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി വിളിച്ചുചേര്‍ത്തിരുന്നു. പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ സൗദി അറേബ്യ 50 കോടി ഡോളര്‍ സംഭാവന നല്‍കി. കൊറോണ വ്യാപനം തടയാനും വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് സൗഹൃദ രാജ്യങ്ങളുമായും ബന്ധപ്പെട്ട സംഘടനകളുമായും സൗദി അറേബ്യ സഹകരിച്ചിട്ടുണ്ടെന്ന് വിദേശ മന്ത്രി പറഞ്ഞു.
മേഖലയില്‍ സൗദി അറേബ്യക്കുള്ള നിര്‍ണായക പങ്ക് എടുത്തുകാണിക്കുന്നതാണ് ഇന്ന് ആരംഭിക്കുന്ന ജി-20 ഉച്ചകോടിയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. സൗദി അറേബ്യയുടെ നിലപാട് എല്ലായ്‌പോഴും ഗള്‍ഫ്, അറബ്, ഇസ്‌ലാമിക താല്‍പര്യങ്ങളുടെ സ്ഥിരത, സമൃദ്ധി, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗര്‍ഗാശ് പറഞ്ഞു. ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദി അറേബ്യ. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ജി-20 രാജ്യങ്ങളുടെ പങ്കാണ്.

 

Latest News