Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചിത്രലേഖയുടെ മതംമാറ്റം: ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ- ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ മതംമാറ്റ വിവാദത്തിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. പോപ്പുലർ ഫ്രണ്ട് നേതൃത്വം വീടും തൊഴിലും പണവും വാഗ്ദാനം ചെയ്തതായുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ട് തവണ ഫോണിലൂടെ ചിത്രലേഖയിൽനിന്നു വിവരങ്ങൾ തേടി. അതേസമയം, താൻ സംഘടനയിലേക്കല്ല മതത്തിലേക്കാണ് മാറുന്നതെന്ന് ചിത്രലേഖ പ്രതികരിച്ചു.
പയ്യന്നൂരിനടുത്ത് എടാട്ടെ ഓട്ടോ ഡ്രൈവറായിരുന്ന ചിത്രലേഖ സി.പി.എം പ്രവർത്തകരുടെ നിരന്തര ആക്രമണത്തെത്തുടർന്നാണ് അവിടം വിട്ടത്. ഇപ്പോൾ ചിറക്കലിനടുത്ത് വാടക വീട്ടിലാണ് താമസം. ഇവിടെയും ജാതിവിവേചനവും പീഡനവും തുടരുന്ന സാഹചര്യത്തിലാണ് താൻ ഇസ്‌ലാമിലേക്ക് മതം മാറാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ദിവസം ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇത് വലിയ ചർച്ചയായിരുന്നു. 


ഇതിന് പിന്നാലെയാണ് ഒരു പ്രമുഖ ചാനൽ പ്രവർത്തകർ ചിത്രലേഖയെ കണ്ട് സംസാരിച്ച് രഹസ്യ കാമറയിൽ ചിത്രീകരിച്ച് സംപ്രേഷണം ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്നെ വന്നു കണ്ട് വീടും പണവും ജോലിയും വാഗ്ദാനം ചെയ്തതായി ഇതിൽ ചിത്രലേഖ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പോപ്പുലർ ഫ്രണ്ട് നേതൃത്വം നിഷേധിച്ചു. മതം മാറ്റവുമായി പോപ്പുലർ ഫ്രണ്ടിന് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചു.


മത തീവ്രവാദ സംഘടന പണവും മറ്റും നൽകി മതം മാറ്റുന്നുവെന്ന കാര്യം വലിയ വിവാദമാകാൻ സാധ്യതയുണ്ടെന്നതിനാലാണ് ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഈ വിഷയം ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഹിന്ദു തീവ്രവാദ സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
അതിനിടെ, മതം മാറാൻ ആലോചിക്കുന്നത് ഇസ്‌ലാമിലേക്കാണെന്നും അല്ലാതെ ഏതെങ്കിലും സംഘടനയിലേക്കല്ലെന്നും ചിത്രലേഖ ഫേസ്ബുക്കിൽ കുറിച്ചു. പോപ്പുലർ ഫ്രണ്ടുകാർ വീട് വെക്കാൻ സാമ്പത്തികമായി സഹായിക്കാമെന്ന് പറഞ്ഞിരുന്നു. ഇതിന് മുമ്പ് വീട് വെക്കാൻ സ്ഥലം അനുവദിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. പകുതിയോളം എന്റെ വീട് കെട്ടിയുയർത്താൻ സഹായിച്ചത് കെ.എം. ഷാജി എം.എൽ.എയാണ്. വീട് പൂർത്തിയാക്കാനാവാത്ത അവസ്ഥയാണ്. ഇതിന് ആര് സാമ്പത്തിക സഹായം നൽകിയാലും സ്വീകരിക്കും.
ഒറ്റക്ക് തീരുമാനമെടുക്കാനാവില്ലെന്ന വംശീയ ചിന്തയും ചിത്രലേഖ തീവ്രവാദിയാണെന്ന ധാരണ ഉണ്ടാക്കാനുള്ള ശ്രമവുമാണ് ഈ വിവാദത്തിന് പിന്നിലെന്നും അവർ പറഞ്ഞു.


 

Latest News