തിരുവനന്തപുരം- മുക്കം മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സാറ കൂടാരത്തിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ തിരുത്തി മതസ്പർധ വളർത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുകയും സ്ഥാനാർഥിക്ക് നേരെ വർഗീയ ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്ത ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥനെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ആവശ്യപ്പെട്ടു.
മുക്കം മുനിസിപ്പാലിറ്റി 18 ാം ഡിവിഷനിൽ മത്സരിക്കുന്ന സാറ കൂടാരത്തിന്റെ പോസ്റ്റർ എഡിറ്റ് ചെയ്താണ് സംഘ്പരിവാർ ഇടതു കേന്ദ്രങ്ങൾ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. വർഗീയ വിഷം കടത്തിവിടുന്ന പോസ്റ്റുകളും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രയോഗങ്ങളുമാണ് പ്രതീഷ് വിശ്വനാഥ് നടത്തുന്നത്.
ഇടതു കേന്ദ്രങ്ങളിൽനിന്നു സാറാ കൂടാരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗീയത നിറഞ്ഞ പരാമർശങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ തുടക്കം മുതൽ തന്നെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘ്പരിവാറിന്റെ വംശീയ അജണ്ട ഏറ്റെടുത്ത് നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതുപക്ഷം ശ്രമിക്കുന്നത്.
വ്യത്യസ്ത മതനേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും മതവിദ്വേഷം വളർത്തുന്ന രീതിയിൽ ദുരുപയോഗിച്ചുകൊണ്ട് നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സംഘ്പരിവാർ കേന്ദ്രങ്ങളിലെ പരാജയ ഭീതിയിൽ നിന്നു രൂപപ്പെടുന്നതാണ്. തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സംസ്ഥാന ഇലക്ഷൻ കമ്മീഷണനർ, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.