പാലക്കാട് - തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. വിമതരെ അനുനയിപ്പിക്കാൻ മുന്നണികൾ അവസാന ഓട്ടത്തിൽ. രണ്ട് പ്രധാന മുന്നണികളിലും വിമതശല്യം വിജയസാധ്യതകളെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വളർന്നിട്ടുണ്ട്.
പട്ടാമ്പി, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ ശക്തിേകന്ദ്രങ്ങളിലെ വിമതശല്യമാണ് കോൺഗ്രസിനും യു.ഡി.എഫിനും ഏറെ തലവേദന സൃഷ്ടിക്കുന്നത്. വിമതരേക്കാൾ ഇടതു മുന്നണിയിൽ കലാപം സൃഷ്ടിച്ചിരിക്കുന്നത് സി.പി.എം-സി.പി.ഐ തർക്കമാണ്. പലയിടത്തും ഇടതു മുന്നണിയിലെ പ്രധാന ഘടക കക്ഷികൾ പരസ്പരം മൽസരിക്കുമെന്നത് ഉറപ്പായിക്കഴിഞ്ഞു.
നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയം തീരുന്നതു വരെ ചർച്ച, അതു കഴിഞ്ഞ് നടപടി എന്ന നിലയിലേക്കാണ് ഇരു മുന്നണികളിലും കാര്യങ്ങളുടെ പോക്ക്.
വിമതർ മറുചേരിയുടെ സ്ഥാനാർഥിയായി മാറുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് വരും ദിവസങ്ങളിൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാക്ഷ്യം വഹിക്കും.
യു.ഡി.എഫിന്റെ ശക്തിേകന്ദ്രങ്ങളായ പട്ടാമ്പി, ചിറ്റൂർ, തത്തമംഗലം നഗരസഭകളിൽ ഉരുണ്ടു കൂടിയിരിക്കുന്ന തർക്കങ്ങൾ മുന്നണിക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. മുൻ എം.എൽ.എ കെ.അച്യുതന്റെ സഹോദരനും മുൻ നഗരസഭാ ചെയർമാനുമായ കെ.മധുവിന് സീറ്റ് നിഷേധിച്ചതാണ് ചിറ്റൂരിലെ പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നത്.
മധു 28-ാം വാർഡിൽ പത്രിക നൽകിയിട്ടുണ്ട്. നഗരസഭയിലെ തർക്കം പ്രദേശത്ത് മുഴുവൻ യു.ഡി.എഫിന്റെ വിജയ സാധ്യതയെ തകർക്കുന്ന രീതിയിലേക്ക് വളരുന്നതിന്റെ സൂചനയും വന്നു കഴിഞ്ഞു. അച്യുതന്റെ മകനും ഡി.സി.സി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതൻ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടഞ്ചേരി ഡിവിഷനിൽ വിമതനായി പത്രിക നൽകിയിട്ടുണ്ട്. പട്ടഞ്ചേരി പഞ്ചായത്തിൽ മുൻ പ്രസിഡന്റ് ശിവദാസിന്റെ നേതൃത്വത്തിൽ പൗരമുന്നണിയെന്ന പേരിൽ എല്ലാ വാർഡുകളിലും വിമതർ മൽസരിക്കും. കൊടുവായൂരിൽ 11 വാർഡുകളിലാണ് കോൺഗ്രസ് വിമതർ കളത്തിലിറങ്ങിയിരിക്കുന്നത്.
പട്ടാമ്പി നഗരസഭയിൽ മുൻ കെ.പി.സി.സി അംഗം ടി.പി.ഷാജിയുടെ നേതൃത്വത്തിലാണ് യു.ഡി.എഫിലെ കലാപം. ആറിടത്ത് വിമതർ മൽസരിക്കും. ത്രികോണ മൽസരത്തിലൂടെ ശ്രദ്ധേയമായ പാലക്കാട് നഗരസഭയിൽ മുതിർന്ന നേതാവ് കെ.ഭവദാസ് ഉൾപ്പെടെ നാല് വിമതർ രംഗത്തുണ്ട്. ചെർപ്പുളശ്ശേരി നഗരസഭയിലെ എലിയപ്പറ്റയിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.െക.എ.അസീസിനെതിരേ വിമതനായി പടിഞ്ഞാറേക്കര നൗഷാദ് മൽസരിക്കും. ഷൊർണൂർ നഗരസഭയിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബൈദ സെയ്തലവി 22-ാം വാർഡിൽ വിമതയായി പത്രിക നൽകിയിട്ടുണ്ട്.
വിമതരേക്കാൾ ജില്ലയിൽ എൽ.ഡി.എഫിന് ആശങ്ക പകരുന്നത് സി.പി.എം-സി.പി.ഐ തർക്കമാണ്. മണ്ണാർക്കാട് നഗരസഭയിലും കുമരംപുത്തൂർ, മണ്ണൂർ, നെല്ലായ, മുണ്ടൂർ, മേലാർകോട് പഞ്ചായത്തുകളിലും ഇരു പാർട്ടികളും പരസ്പരം മൽസരിക്കുന്നു. ഈ ചേരിപ്പോര് സ്വാഭാവികമായും ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് വോട്ടെടുപ്പിലും പ്രതിഫലിപ്പിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഒറ്റപ്പാലം നഗരസഭയിലെ 15-ാം വാർഡിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഇ.ശിവമണി വിമതനായി പത്രിക നൽകി. പാലക്കാട് നഗരസഭയിൽ സി.പി.എം മുൻ ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഷാജൻ വിമത സ്ഥാനാർഥിയാണ്.
ബി.െജ.പിയിലും അങ്ങിങ്ങ് പ്രശ്‌നങ്ങളുണ്ടെങ്കിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാലക്കാട് നഗരസഭയുൾപ്പെെടയുള്ള സ്ഥലങ്ങളിൽ വിമത ശല്യമില്ല. ഒറ്റപ്പാലം നഗരസഭയിലെ സി.പി.എം വിമത സംഘത്തിന്റെ സ്ഥാനാർഥിക്കെതിരെ വിമതൻ പത്രിക നൽകിയത് ശ്രദ്ധേയമായി. 28-ാം വാർഡ് കിള്ളിക്കാവിലാണ് മുൻ കൗൺസിലർ എം. മുരളി വിമതനായി എത്തുന്നത്.