റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ കുറ്റക്കാരായ സിറിയക്കാരനെയും സൗദി പൗരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ലോൺട്രി ഉപകരണങ്ങളുടെ വിൽപന, റിപ്പയർ, സ്‌പെയർ പാർട്‌സ് വിൽപന മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ സിറിയക്കാരൻ ബസ്സാം മുഹമ്മദ് ജമീല, ഇതിനാവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ മുഹമ്മദ് ബിൻ സഈദ് ഹസൻ അൽഅല്ലാവി എന്നിവർക്കാണ് ശിക്ഷ. ഇരുവർക്കും പിഴ ചുമത്തിയ കോടതി ബിനാമി സ്ഥാപനം അടപ്പിക്കാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചു.
ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമനുസൃത സക്കാത്തും ഫീസുകളും നികുതികളും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്തു പ്രവേശിക്കുന്നതിൽ നിന്ന് ആജീവനനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. സിറിയക്കാരന്റെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.
റിയാദിലെ അൽഗുബൈറാ ഡിസ്ട്രിക്ടിൽ സിറിയക്കാരൻ നടത്തിയിരുന്ന സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ സ്ഥാപനം സിറിയക്കാരൻ സ്വന്തം നിലയിൽ നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി വാണിജ്യ മന്ത്രാലയം പിന്നീട് നിയമ നടപടികൾക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
ബിനാമി കേസ് പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന നിലയിൽ പരിഷ്‌കരിച്ച ബിനാമി ബിസിനസ് വിരുദ്ധ നിയമം അടുത്തിടെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം നിയമ വിരുദ്ധ മാർഗങ്ങളിലൂടെ സമ്പാദിച്ച പണം കണ്ടുകെട്ടാനും അനുവദിക്കുന്നുണ്ട്. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന് പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറും.