Sorry, you need to enable JavaScript to visit this website.

എം.ഇ.എസിന്റെ റോഹിംഗ്യൻ ദുരിതാശ്വാസ  നടപടികൾക്ക് മികച്ച പ്രതികരണം

റോഹിംഗ്യൻ അഭയാർഥികളെ സഹായിക്കുന്നതിന് എം.ഇ.എസ് സംഘടിപ്പിച്ച സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസ് സംസാരിക്കുന്നു.

ജിദ്ദ- റോഹിംഗ്യൻ അഭയാർഥികളെ സഹായിക്കുന്നതിന് എം.ഇ.എസ് ജിദ്ദ ചാപ്റ്റർ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണം. കുടിവെള്ളം, മരുന്ന്, വസ്ത്രം, ബ്ലാങ്കറ്റ് തുടങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവർക്ക് എത്തിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് എം.ഇ.എസ് സഹായ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ബംഗ്ലാദേശ് കോൺസുലേറ്റിന്റെ സഹകരണത്തോടെയാണ് സഹായം എത്തിക്കാൻ ഉദ്ദേശിക്കുന്നത്. 
ഇതേക്കുറിച്ച്  വിലയിരുത്തുന്നതിനും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടുന്നതിനുമായി ചേർന്ന യോഗം മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസ് ഉദ്ഘാടനം ചെയ്തു. ലോകത്ത് എവിടെയായിരുന്നാലും ദുരിതമനുഭവിക്കുന്നവർക്ക് ജാതി, മത ചിന്തകളില്ലാതെ സഹായം നൽകാനുള്ള മലയാളി സമൂഹത്തിന്റെ വിശാല മനസ്‌കത പ്രശംസനീയമാണെന്നും ഇക്കാര്യത്തിൽ എം.ഇ.എസ് നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനീയമാണെന്നും താരീഖ് മിശ്ഖസ് പറഞ്ഞു. 
ഇംപാല ഗാർഡനിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്  കെ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളിൽനിന്നും നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് പി.വി അഷ്‌റഫ് റോഹിംഗ്യൻ വംശജർ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും എം.ഇ.എസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചും പ്രസന്റേഷന്റെ സഹായത്തോടെ വിശദീകരിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് എം.ഇ.എസ് കേരളത്തിൽ നടപ്പാക്കി വരുന്ന കിണർ കുഴിക്കൽ പദ്ധതിയുടെ മാതൃകയിൽ റോഹിംഗ്യൻ അഭയാർഥികൾക്കും കിണർ കുഴിച്ചു നൽകി കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിനകം ഇരുപതോളം കിണറുകൾ കുഴിക്കുന്നതിനാവശ്യമായ തുകയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. വസ്ത്രം, ബ്ലാങ്കറ്റ് തുടങ്ങിയവ ശേഖരിച്ചു വരികയാണ്. ഇവ വാങ്ങി നൽകുന്നതിനുള്ള ഫണ്ടും സ്വീകരിക്കുന്നുണ്ട്. ബംഗ്ലാദേശ് കോൺസുലേറ്റിന്റെ സഹകരണത്തോടെ അവിടെയുള്ള എൻ.ജി.ഒയുടെ സഹായത്തോടെ ഇവ വിതരണം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് അഷ്‌റഫ് വിശദീകരിച്ചു. യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും സ്‌കൂളുകൾ  അടക്കമുള്ള സ്ഥാപനങ്ങളും സഹകരണം വാഗ്ദാനം ചെയ്തു. 
റോഹിംഗ്യൻ പ്രതിനിധി സലീം അബ്ദുല്ല റോഹിംഗ്യൻ വംശജർ അനുഭവിച്ചു വരുന്ന പ്രയാസങ്ങൾ വിവരിച്ചു. പ്രമുഖ പത്രപ്രവർത്തകൻ രാംനാരായണ അയ്യർ, കെ.എം.സി.സി സൗദി നാഷണൽ പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ആശംസ നേർന്നു. വിവിധ സംഘടനാ, സ്ഥാപന പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സലാഹ് കാരാടൻ സ്വാഗതം പറഞ്ഞു. മറ്റു ഭാരവാഹികളായ കെ.ടി. ഹൈദർ, അക്ബർ കരുമാര, കെ. അബ്ദുസമദ് തുടങ്ങിയവർ സംബന്ധിച്ചു. 
എം.ഇ.എസ് പ്രതിനിധികളായ ഖാലിദ് ഇരുമ്പുഴി, സലീം മുല്ലവീട്ടിൽ, ടി.പി ഷുഹൈബ് എന്നിവർ റോഹിംഗ്യൻ അഭയാർഥികൾ കഴിയുന്ന പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
 

Latest News