കൊച്ചി- ജിദ്ദയില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ കാെച്ചിയിൽ കയ്യോടെ പിടിയിലായ മുതിര്‍ന്ന എയര്‍ ഇന്ത്യാ ജീവനക്കാരനെ എറണാകുളം പ്രത്യേക സിബിഐ കോടതി നാലു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. 25000 രൂപ പിഴയും വിധിച്ചു. 2017 ഓഗസ്റ്റ് ഒമ്പതിനാണ് ജിദ്ദയില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലെ ഡെപ്യൂട്ടി ചീഫ് കാബിന്‍ ക്രൂ ആയിരുന്ന ഹിമത് കുമാര്‍ ഒഭാൻ 400 ഗ്രാം സ്വര്‍ണവുമായി പിടികൂടിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കട്ടികള്‍ സ്വന്തം പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ നടത്തിയ ശ്രമമാണ് കൊച്ചി വിമാനത്താവളത്തില്‍ പൊളിഞ്ഞത്. ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് സംഘമാണ് ഒഭാനെ പിടികൂടിയത്. തുടര്‍ന്ന് സിബിഐ ഓഗസ്റ്റ് 28ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. അഴിമതി തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിരുന്നു. സിബിഐയുടെ ആന്റി കറപ്ഷന്‍ ബ്യൂറോ ആണ് കേസ് അന്വേഷിച്ചത്. മുംബൈ സ്വദേശിയായ പ്രതി ഒഭാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.