കൊച്ചി- കൊച്ചിയിൽ സിനിമാ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. ആക്രമിക്കപ്പെട്ട നടിയും, പ്രോസിക്യൂഷനും സമർപ്പിച്ച ഹർജികളാണ് വിശദമായ വാദം കേൾക്കലിന് ശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. താൽക്കാലികമായി നിർത്തിവച്ച കേസിന്റെ വിചാരണ തിങ്കളാഴ്ച മുതൽ തുടരാനും കോടതി നിർദേശിച്ചു. കേസിന്റെ മുന്നോട്ടുള്ള നടപടികളിൽ ഇരുപക്ഷവും ഒരുമിച്ച് പോകുമെന്ന പ്രതീക്ഷിക്കുന്നതായും കോടതി പ്രതികരിച്ചു.
നവംബർ 16 നാണ് ഈ കേസിൽ വാദം പൂർത്തിയാക്കിയത്. ഗുരുതരമായ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉയർത്തിയത്. ആക്രമിക്കപ്പെട്ട നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സർക്കാർ ആരോപിച്ചു.
വിചാരണ ഈ രീതിയിൽ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സർക്കാർ അറിയിച്ചു. പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയിൽ പെരുമാറുന്നതെന്നായിരുന്നു ആരോപണം. എട്ടാം പ്രതി ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. വിസ്താരം തടസ്സപ്പെടുത്താൻ പ്രതിഭാഗം പല രീതിയിൽ ശ്രമിച്ചിട്ടും കോടതിയിടപെട്ടില്ലെന്നുമായിരുന്നു ആരോപണം.