കൊച്ചി- ഹാദിയ വിഷയത്തിൽ തന്റെ കയ്യിലുള്ള വിവരങ്ങൾ പുറത്തുവിട്ടാൽ നാട്ടിൽ സാമുദായിക കലാപമുണ്ടാകുമെന്ന് രാഹുൽ ഈശ്വർ. മാതൃഭൂമി ചർച്ചയിലാണ് രാഹുൽ ഈശ്വർ വെളിപ്പെടുത്തൽ നടത്തിയത്. ഹാദിയ പറഞ്ഞ വിവരം പുറത്തുവിടാതെ പലരെയും സംരക്ഷിക്കുകയാണ് താൻ ചെയ്തത് എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. ഹാദിയയെ വൈക്കത്തെ വീട്ടിൽ പോയി കണ്ടത് താൻ മാത്രമല്ലെന്നും വേറെയും നിരവധി പേർ ഹാദിയയെ കണ്ടിട്ടുണ്ടെന്നും ഈ വിവരമെല്ലാം നവംബർ 27ന് സുപ്രീം കോടതിയിൽ ഹാദിയ തന്നെ വെളിപ്പെടുത്തിയേക്കുമെന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞത്.
രാഹുൽ ഈശ്വർ ഹാദിയയെ ഒന്നിലേറെ തവണ നേരത്തെ സന്ദർശിച്ചിരുന്നു. ഇക്കാര്യം വെളിയിൽ വന്നതോടെ ഹാദിയയുടെ അച്ഛൻ അശോകനടക്കമുള്ളവർ രാഹുൽ ഈശ്വറിനെതിരെ തിരിയുകയും കേസ് നൽകുകയും ചെയ്തു. രാഹുലിന് പുറമെ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരും അശോകനുമായി കൂടിക്കാഴ്ച്ച നടത്തി. അതേസമയം, രഹസ്യമായി നിരവധി ബി.ജെ.പി നേതാക്കൾ ഹാദിയയെ സന്ദർശിച്ചിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ വാദിക്കുന്നത്. ഇക്കാര്യം ഹാദിയ തന്നെ വെളിപ്പെടുത്തുമെന്നും രാഹുൽ പറയുന്നു.
ഹാദിയയെ മരുന്ന് നൽകി മയക്കികിടത്തുകയാണ് തുടങ്ങിയ ആരോപണങ്ങൾ രാഹുൽ ഈശ്വർ ഉന്നയിച്ചിരുന്നു. താൻ ഉടൻ കൊല്ലപ്പെട്ടേക്കാമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമുള്ള ഹാദിയയുടെ വീഡിയോ ടേപ്പ് രാഹുൽ ഈശ്വർ പുറത്തുവിടുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഇതേവരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ പോലീസ് നടപടി അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാകില്ലന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എന്നാൽ ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കുന്നതിന് ഇനിയും ഒരു മാസത്തോളം ബാക്കിയുണ്ട്. ഇതിനിടയിൽ എന്തും സംഭവിക്കാമെന്ന ആശങ്കയും ചിലർ ഉന്നയിക്കുന്നു. ഹാദിയയുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തന്നെ സന്ദർശിച്ചവരുടെ വിശദാംശങ്ങൾ ഹാദിയ വെളിപ്പെടുത്തുന്നത് തടയുക എന്ന ലക്ഷ്യമുള്ളവരും സംഭവം മുതലെടുത്തേക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീക്കുമെന്ന ആശങ്കയയെയും തള്ളിക്കളയാനാകില്ല.
മകൾ വീട്ടുതടങ്കലിലാണെന്ന വാദം അശോകൻ ഇന്നലെ നിഷേധിച്ചിട്ടുണ്ട്. മകളെ ആരും അടച്ചിട്ടിട്ടില്ലെന്നും അവൾക്ക് എവിടെ പോവാനും സ്വാതന്ത്ര്യമുണ്ടെന്നുമാണ് സുപ്രീം കോടതി വിധി വന്ന ഉടൻ അശോകൻ പ്രതികരിച്ചത്. സ്വന്തം തീരുമാനപ്രകാരമാണ് അവൾ പുറത്തിറങ്ങാത്തത്. തന്റെ വീടിന് ചുറ്റും പോലിസാണ്. വീടിനുള്ളിൽ രണ്ട് വനിതാ പോലിസുകാരുമുണ്ട്. മകൾക്ക് എവിടെ വേണമെങ്കിലും പോവാം. അവളോട് താൻ തന്നെ അതു പറഞ്ഞിട്ടുണ്ട്.
വൈക്കത്തോ എവിടെ വേണമെങ്കിലും പൊയ്‌ക്കൊള്ളൂ. പോലിസുകാർ കൂടെവരുമല്ലോയെന്ന്. എന്നാൽ, പുറത്തുപോവാൻ അവൾക്ക് താൽപ്പര്യമില്ല. നിർബന്ധിച്ച് അയക്കാൻ അവൾ കൊച്ചുകുട്ടിയുമല്ലെന്നായിരുന്നു അശോകൻ പറഞ്ഞത്. അതേസമയം, മകളെ തനിക്ക് ഇഷ്്ടമുള്ളവരെ മാത്രമേ കാണിക്കൂവെന്നും എല്ലാവരെയും കാണിക്കാൻ അവൾ കാഴ്ച്ച വസ്തുവല്ലെന്നുമായിരുന്നു അശോകൻ ടി.വി ചർച്ചയിൽ പറഞ്ഞത്.
സുപ്രീം കോടതിയിൽ ഹാദിയയെ ഹാജരാക്കാൻ ഇനിയും ദിവസങ്ങളുണ്ടെന്നിരിക്കേ അവരുടെ സംരക്ഷണം സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്്‌ലിം നേതാക്കൾ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. എന്നാൽ ഇതിൽ അനുകൂല തീരുമാനമുണ്ടായിട്ടില്ല. കോടതിയുടെ അന്തിമവിധി വരെ കാത്തിരിക്കാനാണ് സർക്കാർ നീക്കമെന്നാണ് സൂചന. നിലവിലുള്ള വിധിയിൽ തന്നെ വേണമെങ്കിൽ ഹാദിയയെ ഏറ്റെടുക്കാനുള്ള നിയമസാധ്യതകളുണ്ടായിട്ടും അത് നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ സങ്കീർണ പ്രശ്‌നങ്ങളിലേക്ക് മാറിയ ഹാദജിയ വിഷയം സൂക്ഷ്മമായ കൈകാര്യം ചെയ്യുകയാണ് വേണ്ടെതെന്നും ഇക്കാര്യത്തിൽ എടുത്തുചാട്ടം നടത്തില്ലെന്നുമുള്ള നിലപാടിലാണ് സർക്കാർ.