തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റേതായി പ്രചരിച്ച ശബ്ദസന്ദേശം പ്രതിയുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി അജയ കുമാര്‍ ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
ശബ്ദവുമായി സാമ്യമുണ്ടെന്നും എന്നാല്‍ തന്റെ ശബ്ദമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നുമാണ് സ്വപ്‌ന നല്‍കിയ മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം, ശബ്ദസന്ദേശം അട്ടക്കുളങ്ങര ജയിലില്‍ വെച്ച് റിക്കാര്‍ഡ് ചെയ്തതല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ മലയാളം സംസാരിച്ചാലും ഇംഗ്ലീഷ് വാക്കുകള്‍ കൂടുതല്‍ വരാറുണ്ടെന്ന് സ്വപ്‌ന ഡി.ഐ.ജിയോട് പറഞ്ഞു. ശബ്ദ സന്ദേശത്തില്‍ കൂടുതലും മലയാളമാണ്. രണ്ടോ മൂന്നോ വാക്കുകള്‍ മാത്രമാണ് ഇംഗ്ലീഷിലുളളത്.
ശബ്ദസന്ദേശം കൃത്രിമമാണോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും ജിയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.