Sorry, you need to enable JavaScript to visit this website.

കണ്ണൂരും കാസർകോട്ടും 19 സി.പി.എം സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു

കണ്ണൂർ- തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിദ്ദേശ പത്രികാ സമർപ്പണ സമയം കഴിഞ്ഞപ്പോൾ കണ്ണൂർ ജില്ലയിൽ പതിനഞ്ച് സി.പി.എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂർ നഗരസഭയിലാണ് ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കപ്പെട്ടത്. ആറു പേർ. 
മലപ്പട്ടം ഗ്രാമ പഞ്ചായത്തിൽ അഞ്ചു പേരും തളിപ്പറമ്പ് നഗരസഭയിൽ ഒരാളും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ രണ്ട് പേരും കോട്ടയം പഞ്ചായത്തിൽ ഒരാളുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എം കോട്ടയെന്നറിയപ്പെടുന്ന ആന്തൂരിൽ ആറ് വാർഡുകളിലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ പത്ത് പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 28 വാർഡുകളാണ് ആന്തൂർ നഗരസഭയിലുള്ളത്. ഇതിൽ ആന്തൂർ, മൊറാഴ, കാനൂൽ, കോൾ മൊട്ട, നണിച്ചേരി, ഒഴക്രോം എന്നീ വാർഡുകളിലെ സ്ഥാനാർഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എം. പ്രീത, വി.സതീദേവി, എം.പി നളിനി, ഇ.അഞ്ജന, എം.ശ്രീഷ, സി.പി.മുഹാസ് എന്നിവരാണ് വിജയിച്ചത്.
മറ്റൊരു സി.പി.എം ശക്തികേന്ദ്രമായ മലപ്പട്ടത്ത് അഞ്ച് വാർഡുകളിൽ സി.പി.എമ്മിന് എതിർ സ്ഥാനാർഥികളില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണ് സി.പി.എം സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്.
തളിപ്പറമ്പ് നഗരസഭയുടെ ചരിത്രത്തിൽ ഇതാദ്യമായി സി.പി.എം സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കൂവോട് വാർഡിലാണ് സി.പി.എമ്മിലെ ഡി.വനജ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ മുൻ കൗൺസിൽ അംഗമായിരുന്ന ദീപ രാജിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നുവെങ്കിലും ഇവരെ പിന്തുണക്കാൻ ഈ വാർഡിൽ ആളുകളുണ്ടായില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടാണ് കാരണമെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. കാങ്കോൽ  ആലപ്പടമ്പ് പഞ്ചായത്തിലെ ഒമ്പതാം വാർഡായ കരിങ്കുഴിയിൽ ഇ.സി.സതിയും പതിനൊന്നാം വാർഡായ താഴെ കുരുന്തിൽ കെ.പത്മിനി എന്നീ സി.പി.എം സ്ഥാനാർഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ഗ്രാമ പഞ്ചായത്തിലെ പുറക്കളം വാർഡിലാണ് സി.പി.എം സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.


കാസർകോട് -നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ ജില്ലയിൽ നാല് വാർഡുകളിൽ ഇടതുമുന്നണി എതിരില്ലാതെ ജയിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്തിലെ 11, 12, 13 വാർഡുകളായ കക്കാട്ട്, അടുക്കത്ത് പറമ്പ്, ചാളക്കടവ് എന്നിവിടങ്ങളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഈ നാല് വാർഡുകളിലും യു.ഡി.എഫിനോ ബി.ജെ.പിക്കോ സ്ഥാനാർത്ഥികളില്ല. സ്വതന്ത്ര സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചിട്ടില്ല. ഇതോടെ നാല് വാർഡുകളിലും എൽ.ഡി.എഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. 
മടിക്കൈ പഞ്ചായത്ത് 11 ആം വാർഡിൽ വി.രാധയും 12 വാർഡിൽ രമാ പത്മനാഭനും 13 വാർഡ് ചാളക്കടവിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായ എസ് പ്രീതയും മാത്രമാണ് പത്രിക സമർപ്പിച്ചത്. കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡായ പള്ളിപ്പാറയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായ കെ.പി വത്സലനും എതിരില്ല. സിപിഎം സ്ഥാനാർത്ഥികളാണ് നാല് പേരും. സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് കെപി വത്സലൻ. 2000-2005 കാലത്ത് എം രാജഗോപാലൻ കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കേ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായിരുന്നു ഇദ്ദേഹം. രണ്ട് പ്രധാന പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത് എൽ.ഡി.എഫിനും ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

Latest News