കോഴിക്കോട്- നാമനിർദേശ പത്രികാ സമർപ്പണം ഇന്നലെ കഴിഞ്ഞു. ഇന്ന് സൂക്ഷ്മ പരിശോധന. പൂർണമല്ലാത്തതോ, അയോഗ്യത ഉള്ളതോ ആയവരുടെ പത്രികകൾ തള്ളും. അതോടെ സ്ഥാനാർഥികളുടെ ചിത്രം തെളിയുകയും തെരഞ്ഞെടുപ്പ് മത്സര രംഗം ചൂടു പിടിക്കുകയും ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ റിട്ടേണിങ് ഓഫീസർമാരുടെയും അസി. റിട്ടേണിങ് ഓഫീസർമാരുടെയും നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടക്കുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി ഇന്നലെ സമാപിച്ചിരുന്നു. ഈ മാസം 12 നാണ് പത്രികാ സമർപ്പണം ആരംഭിച്ചത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കണം എന്നതൊഴികെയുള്ള മറ്റു കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതക്കും അയോഗ്യതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളിൽ പ്രതിയായതു കൊണ്ട് മാത്രം ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല. അഴിമതിയ്‌ക്കോ കൂറില്ലായ്മയ്‌ക്കോ ഉദ്യോഗത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതൽ അഞ്ചു വർഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കും. പൂർണമല്ലാത്തതോ, അയോഗ്യത ഉള്ളതോ ആയവരുടെ പത്രികകൾ തള്ളുന്നതോടെ സ്ഥാനാർഥികളുടെ ചിത്രം തെളിയുകയും തെരഞ്ഞെടുപ്പ് മത്സരരംഗം ചൂടു പിടിക്കുകയും ചെയ്യും.