റിയാദ് - സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ചരിത്രപരവും കരുത്തുറ്റതുമാണെന്ന് ദി നാഷണൽ കൗൺസിൽ ഓൺ യു.എസ്-അറബ് റിലേഷൻസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കയിലെ സൗദി അംബാസഡർ റീമാ ബിൻത് ബന്ദർ ബിൻ സുത്താൻ രാജകുമാരി പറഞ്ഞു. സൗദി-അമേരിക്കൻ ബന്ധം ഒരു അമേരിക്കൻ പ്രസിഡന്റിനേക്കാളും ഒരു സൗദി നേതാവിനേക്കാളും വളരെ ആഴമുള്ളതാണെന്നും നേതാക്കൾ മാറുന്നതിലൂടെ ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുണ്ടാകില്ലെന്നും സൂചിപ്പിച്ച് റീമാ രാജകുമാരി പറഞ്ഞു.
സൗദി അറേബ്യ ഗംഭീരവും അഭൂതപൂർവവുമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവരികയാണ്. ആഭ്യന്തര തലത്തിൽ മാത്രമല്ല, വിദേശ നയങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ സൗദി ഭരണാധികാരികൾ വലിയ ശ്രമങ്ങൾ നടത്തുന്നു. മേഖലയിലും ലോകത്തും സമാധാനവും സുരക്ഷയും സമൃദ്ധിയും സാക്ഷാൽക്കരിക്കാൻ രൂപകൽപന ചെയ്ത അജണ്ടയാണിത്.
സൗദി അറേബ്യയിൽ വ്യത്യസ്ത മേഖലകൾ പരിഷ്‌കരണങ്ങൾക്ക് സാക്ഷ്യം വഹിച്ചുവരികയാണ്. മേഖലയിൽ ഇറാന്റെ പ്രവർത്തനങ്ങൾ ചെറുക്കേണ്ടതും യെമനിൽ ഹൂത്തികളെ നേരിടേണ്ടതും തീവ്രവാദ, ഭീകര വിരുദ്ധ പോരാട്ടം നടത്തേണ്ടതും ഏറെ പ്രധാനമാണ്. ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതും പ്രാധാന്യം അർഹിക്കുന്നു.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് എട്ടു ദശകത്തോളം പഴക്കമുണ്ട്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ അതിശക്തവും ചരിത്രപരവുമാണ്. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിൽ മാത്രമല്ല, ജനങ്ങൾ തമ്മിലും ശക്തമായ ബന്ധമുണ്ട്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുമായി സൗദി അറേബ്യക്ക് മികച്ച ബന്ധമുണ്ട്. സൗദി-അമേരിക്കൻ ബന്ധം ഒരു അമേരിക്കൻ പ്രസിഡന്റിനേക്കാളും ഒരു സൗദി നേതാവിനേക്കാളും വളരെ ആഴമുള്ളതാണ്.
ആഗോള തലത്തിൽ സൗദി അറേബ്യയുടെ പങ്കും പ്രാധാന്യവും വർധിച്ചുവരികയാണ്. ഈ വർഷം ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് സൗദി അറേബ്യയാണ്. ഇതോടൊപ്പം മേഖലയിലും മധ്യപൗരസ്ത്യ ദേശത്തും ഗൾഫിലും സൗദി അറേബ്യയുടെ ഉത്തരവാദിത്തവും വർധിച്ചുവരികയാണ്. ഇക്കാരണങ്ങളാലെല്ലാം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം ഏറെ പ്രധാനമാണെന്നും റീമാ രാജകുമാരി പറഞ്ഞു.