Sorry, you need to enable JavaScript to visit this website.

ആശുപത്രികളിൽ ജീവനക്കാരുടെ മേക്കപ്പിന് വിലക്ക്

റിയാദ് - ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ജീവനക്കാർ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഉണർത്തിയും ഇക്കാര്യം ജീവനക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടും പ്രാഥമികാരോഗ്യ പരിചരണ വിഭാഗം മേധാവികൾക്കും ആശുപത്രികളിലെ വ്യത്യസ്ത വിഭാഗങ്ങളുടെ മേധാവികൾക്കും ഉന്നതാധികൃതർ നിർദേശം നൽകി. വേഷവിധാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ആരോഗ്യ മേഖലാ ജീവനക്കാർ പാലിക്കേണ്ടത് അനിവാര്യമാണ്. വ്യവസ്ഥകൾ പാലിക്കാത്തവരെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യാൻ അനുവദിക്കരുത്. 


ഈ തീരുമാനം ജീവനക്കാർ പാലിക്കാത്ത പക്ഷം അതിന്റെ ഉത്തരവാദിത്തം ആശുപത്രികളിലെ സെക്ഷൻ മേധാവികൾക്കും ഹെൽത്ത് സെന്റർ മേധാവികൾക്കുമാകും. വേഷവിധാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുമെന്നതിന് ആരോഗ്യ പ്രവർത്തകരിൽ നിന്ന് പ്രത്യേക ഫോറത്തിലുള്ള സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണം. ആരോഗ്യ പ്രവർത്തകർ സുതാര്യമായ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും തുറന്ന വസ്ത്രങ്ങളും ധരിക്കുന്നതിന് വിലക്കുണ്ട്. ഇസ്‌ലാമിക വിരുദ്ധമായ ചിത്രങ്ങളും എഴുത്തുകളും എംബ്ലങ്ങളും പതിച്ച വസ്ത്രങ്ങൾക്കും വിലക്കുണ്ട്. പൊതുസംസ്‌കാരത്തിന് നിരക്കാത്ത നിലക്കുള്ള ഹെയർ സ്റ്റൈലുകൾ, തൊപ്പികൾ, ചെയിനുകൾ (ചങ്ങലകൾ), മേക്കപ്പ് എന്നിവക്കും ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും വിലക്കുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
 

Latest News