റിയാദ് - മസ്ജിദുന്നബവിയിലെ റൗദാ ശരീഫിൽ പുതിയ കാർപെറ്റുകൾ വിരിച്ചു. സൗദി നിർമിതമായ ഏറ്റവും മുന്തിയ 50 കാർപെറ്റുകളാണ് റൗദയിൽ വിരിച്ചിരിക്കുന്നത്. ഉംറ തീർഥാടനവും സിയാറത്തും പടിപടിയായി പുനരാരംഭിക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് റൗദാ ശരീഫിൽ പുതിയ കാർപെറ്റുകൾ വിരിച്ചത്. മൂന്നാം ഘട്ടത്തിൽ കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾക്ക് അനുസൃതമായി വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നവിയുടെയും 100 ശതമാനം ശേഷിയിൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നുണ്ട്.
ഇരു ഹറമുകളിലും മുൻകരുതൽ, പ്രതിരോധ നടപടികൾ തുടരുകയാണ്. നിരന്തരം അണുനശീകരണ ജോലികൾ നടത്തുകയും വിശ്വാസികളുടെ ശരീര ഊഷ്മാവ് പരിശോധിക്കുകയും അണുനശീകരണികളും മാസ്‌കുകളും വിശ്വാസികൾക്ക് ലഭ്യമാക്കുകയും സാമൂഹിക അകലം ഉറപ്പു വരുത്തുകയും വിശ്വാസികളുടെയും തീർഥാടകരുടെയും നീക്കങ്ങൾക്ക് നിശ്ചിത ട്രാക്കുകൾ പാലിക്കുകയും ചെയ്യുന്നുണ്ട്.