തിരുവനന്തപുരം- സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നുവെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന് കത്തു നൽകി.ശബ്ദസന്ദേശത്തിന്റെ നിജസ്ഥിതിയും യാഥാർഥ്യവും, ശബ്ദസന്ദേശം മാധ്യമങ്ങൾക്കു ലഭിക്കാനിടയായ സാഹചര്യം, സന്ദേശം റെക്കോർഡ് ചെയ്ത സ്ഥലം, സമയം, റെക്കോർഡ് ചെയ്ത വ്യക്തി എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ജയിൽ വകുപ്പിന്റെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണം ആവശ്യമാണെന്നും കത്തിൽ ആവശ്യപ്പെട്ടു. ശബ്ദം തന്റേതാണെന്നും എന്നാണ് റെക്കോർഡ് ചെയ്തതെന്നു അറിയില്ലെന്നുമാണ് സ്വപ്ന ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെന്ന പേരിലാണ് ശബ്ദസന്ദേശം ആരംഭിക്കുന്നത്. ശിവശങ്കറിന്റെ കൂടെ ഒക്ടോബറിൽ താൻ യു.എ.ഇയിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും അത് ഏറ്റുപറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഏജൻസികൾ പറഞ്ഞതായും സ്വപ്നയുടേതെന്നു പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലുണ്ട്.