ആലപ്പുഴ- ഒരിഞ്ച് ഭൂമിയെങ്കിലും കയ്യേറിയിട്ടുണ്ടെങ്കിൽ മന്ത്രിസ്ഥാനം മാത്രമല്ല, എം.എൽ.എ സ്ഥാനം വരെ രാജിവെക്കാൻ തയ്യാറാണെന്ന തന്റെ വെല്ലുവിളി ഏറ്റെടുക്കാൻ പ്രതിപക്ഷം തയ്യാറായിട്ടില്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രക്ക് ആലപ്പുഴ പൂപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി.
ഭൂമി കയ്യേറ്റ വിഷയത്തിൽ തനിക്ക് എൽ.ഡി.എഫ് പൂർണപിന്തുണ നൽകിയിട്ടുണ്ടെന്ന് തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ആർക്കുമാകില്ല. തന്നെ പറ്റിയുള്ള ആരോപണത്തെ പറ്റി ജനങ്ങൾക്കുള്ള ആശയകുഴപ്പം തീർക്കാനാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു.
ഭൂമി കയ്യേറ്റത്തെ പറ്റിയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. നിയമസഭയിൽ അടിയന്തിര പ്രമേയം വന്നപ്പോൾ തന്നോട് പത്തുമിനിറ്റ് സംസാരിക്കാമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതിന് മറുപടി പറയാൻ കുറിപ്പിന്റെ ആവശ്യമില്ലെന്ന് മറുപടി പറഞ്ഞെന്നും ആരോപണം തെളിയിക്കാൻ യു.ഡി.എഫ് നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഇതേവരെ വെല്ലുവിളി ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. മന്ത്രിയായി അധികാരമേറ്റ ഉടൻ കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്ന രാജമാണിക്യം സ്വീകരിച്ച നിയമന നടപടികളാണ് ചിലരുടെ വൈരാഗ്യത്തിന് കാരണമായതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. ആരോപണങ്ങളെല്ലാം വന്നത് നല്ലതായെന്നും കാര്യങ്ങളെല്ലാം എൽ.ഡി.എഫിന് അനുകൂലമാകുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.