തൃശൂര്‍- കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.പി. ജയദേവന്‍ രാജിവെച്ചു. ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് രാജിക്കത്ത് നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രിന്‍സിപ്പല്‍ പദവിയില്‍നിന്ന് മാറി അധ്യാപകപദവിയിലേക്ക് തിരികെ പോകാനുളള തീരുമാനമെടുത്ത് ബോര്‍ഡിനെ അറിയിക്കുകയാണ് ചെയ്തതെന്ന് ജയദേവന്‍ പ്രതികരിച്ചു.
മാനേജ്‌മെന്റ് ഇല്ലാത്ത ഒരു തസ്തികയില്‍ ഒരുപാട് അധികാരങ്ങള്‍ കൊടുത്തിട്ടാണ് പ്രൊഫ.ആര്‍. ബിന്ദുവിനെ നിയമച്ചിരിക്കുന്നത്. പ്രിന്‍സിപ്പലിനേക്കാള്‍ കൂടുതല്‍ അധികാരമാണ് നല്‍കിയിരിക്കുന്നത്. കോളേജിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണ്. സര്‍ക്കാരിന് ഓഡിറ്റ് കൊടുക്കേണ്ടത് പ്രിന്‍സിപ്പലാണ്. എന്നാല്‍ ഇവിടെ വൈസ് പ്രിന്‍സിപ്പലിന് സാമ്പത്തിക ഇടപാടുളള വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് കൊടുത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ട്‌സിലും സരര്‍ക്കാര്‍ നിയമങ്ങളിലും വൈസ് പ്രിന്‍സിപ്പല്‍ എന്ന ഒരു തസ്തികയില്ല. യു.ജി.സി. റെഗുലേഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ അവിടെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ സഹായത്തിനായി ഒരാളെ നിയമിക്കാന്‍ പാടുളളൂ. പ്രിന്‍സിപ്പല്‍ നിയോഗിക്കുന്ന ചുമതലകളാണ് വൈസ് പ്രിന്‍സിപ്പല്‍ വഹിക്കേണ്ടത്. അല്ലാതെ സ്വതന്ത്ര ചുമതല കൊടുക്കാന്‍ സാധിക്കില്ല. ഇത് നിയമപരമായി ഒരിക്കലും നിലനില്‍ക്കാത്ത ഒരു ഉത്തരവാണ്.എന്നാല്‍ അത് അനുസരിക്കണമെന്ന് മാനേജ്‌മെന്റ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എനിക്ക് മാനേജ്‌മെന്റിന്റെ ഉത്തരവ് ലംഘിക്കാനാവില്ല ഇത് അംഗീകരിക്കാനുമാകില്ല. ഇതുസംബന്ധിച്ച് മാനേജ്‌മെന്റിന് ഞാന്‍ കത്തയച്ചിരുന്നു. എന്നാല്‍ പ്രതികരണം ലഭിച്ചില്ല. അതിനാലാണ് രാജിയെന്നും ജയദേവന്‍ പറഞ്ഞു.