Sorry, you need to enable JavaScript to visit this website.

ബാഴ്‌സ, പി.എസ്.ജി  നോക്കൗട്ടിനരികെ

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ പരിശീലനത്തിനെത്തുന്ന ബാസൽ കളിക്കാർ.

പാരിസ് - ബാഴ്‌സലോണയും പി.എസ്.ജിയും മാഞ്ചസ്റ്റർ യുനൈറ്റഡും മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ അവശേഷിക്കെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ നോക്കൗട്ട് റൗണ്ടിനരികെ. അഞ്ചു തവണ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് ഗ്രീസിൽ ഒളിംപ്യാകോസുമായാണ് മത്സരം. പി.എസ്.ജി പാരിസിൽ ആൻഡർലെറ്റിനെ നേരിടും. ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കുന്നത് ഇറ്റലിയിലാണ്, ചെൽസിയും റോമയും തമ്മിൽ. ബെൻഫിക്കയെ തോൽപിച്ചാൽ മാഞ്ചസ്റ്റർ യുനൈറ്റഡും ഗ്രൂപ്പ് ഘട്ടം കടക്കും. 
ഗ്രൂപ്പ് എ-യിൽ ബെൻഫിക്കക്കെതിരെ യുനൈറ്റഡിന് സ്വന്തം ഗ്രൗണ്ടിലാണ് കളി. സി.എസ്.കെ.എ മോസ്‌കോയോട് ബാസൽ തോറ്റില്ലെങ്കിൽ, ബെൻഫിക്കയെ കീഴടക്കിയാൽ യുനൈറ്റഡിന് മുന്നേറാം. ബെൻഫിക്കയോട് സ്വന്തം ഗ്രൗണ്ടിൽ കഴിഞ്ഞ 12 കളികളിലും യുനൈറ്റഡ് തോറ്റിട്ടില്ല. ആദ്യ മൂന്നു കളികളും തോറ്റ ബെൻഫിക്ക പുറത്താകലിന്റെ വക്കിലാണ്. സി.എസ്.കെ.എയെ തോൽപിച്ചാൽ ബാസലിനും പ്രി ക്വാർട്ടറിലെത്താം. 
ഗ്രൂപ്പ് ബി-യിൽ സെൽടിക്കും ബയേൺ മ്യൂണിക്കും തമ്മിൽ പൊരിഞ്ഞ പോരായിരിക്കും. തുടർച്ചയായ 62 സ്‌കോട്‌ലന്റ് ലീഗ് മത്സരങ്ങളിൽ പരാജയപ്പെട്ടില്ലെന്ന ബ്രിട്ടിഷ് റെക്കോർഡ് സൃഷ്ടിച്ചാണ് സെൽറ്റിക് ഒരുങ്ങിയത്. എന്നാൽ ജർമനിയിൽ രണ്ടാഴ്ച മുമ്പ് അവർ ബയേണിനോട് 0-3 ന് തോറ്റിരുന്നു. ഇന്നും തോറ്റാൽ സെൽറ്റിക് പുറത്താവും. 
ആദ്യ മൂന്നു കളികളും ജയിക്കുകയും എതിരില്ലാതെ 12 ഗോളടിക്കുകയും ചെയ്ത പി.എസ്.ജിക്ക് ആൻഡർലെറ്റ് വലിയ വെല്ലുവിളിയാവില്ല. ഈ സീസണിൽ 14 കളികളിൽ 15 ഗോളടിച്ച് എഡിൻസൻ കവാനി ഉജ്വല ഫോമിലാണ്. അതേസമയം ആൻഡർലെറ്റിന് ഇതുവരെ ഗോളടിക്കാനോ പോയന്റ് നേടാനോ സാധിച്ചിട്ടില്ല. 2005 ലാണ് ആൻഡർലെറ്റ് അവസാനമായി ചാമ്പ്യൻസ് ലീഗിൽ എവേ മത്സരം ജയിച്ചത്. 
ഗ്രൂപ്പ് സി-യിൽ അത്‌ലറ്റിക്കൊ മഡ്രീഡിന് ഇതുവരെ ജയിക്കാനായിട്ടില്ല. ദുർബലരായ ക്വാറബാഗിനെതിരെ അസർബയ്ജാനിൽ രണ്ടാഴ്ച മുമ്പ് സമനില വഴങ്ങിയത് വലിയ ക്ഷീണമായിരുന്നു. 2012-13 സീസണിനു ശേഷം ആദ്യമായി അത്‌ലറ്റിക്കൊ ഇല്ലാത്ത നോക്കൗട്ട് റൗണ്ടിന് സാധ്യതയേറെയാണ്. ക്വാറബാഗിനെതിരെ റിട്ടേൺ മത്സരമാണ് ഇന്ന്. റോമയും ചെൽസിയും തമ്മിലുള്ള കളിയിലെ വിജയികൾ ഗ്രൂപ്പിൽനിന്ന് മുന്നേറാനാണ് സാധ്യത. അവസാന കളിയിൽ ഈ ടീമുകൾ ത്രസിപ്പിക്കുന്ന 3-3 സമനില സമ്മതിക്കുകയായിരുന്നു. 
ഗ്രൂപ്പ് ഡി-യിൽ തുടർച്ചയായ നാലാം ജയത്തോടെ ബാഴ്‌സലോണക്ക് മുന്നേറാം, സ്‌പോർടിംഗ് ലിസ്ബണിനോട് യുവന്റസ് തോൽക്കുന്നില്ലെങ്കിൽ. കഴിഞ്ഞ 14 കളികളിൽ ബാഴ്‌സലോണ അപരാജിതരാണ്. സ്‌പോർടിംഗും യുവന്റസും ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടത്തിലാണ്. 
നാളെ റയൽ മഡ്രീഡും ടോട്ടനം ഹോട്‌സ്പറും തമ്മിലാണ് പോര്. ഗോളടി വീരൻ ഹാരി കെയ്ൻ തിരിച്ചുവരുമെന്നാണ് ടോട്ടനം പ്രതീക്ഷിക്കുന്നത്. ഈ ടീമുകൾ തമ്മിലുള്ള അവസാന മത്സരം സമനിലയായിരുന്നു. ഗ്രൂപ്പ് എഫിൽ നാളെ മാഞ്ചസ്റ്റർ സിറ്റിയും നാപ്പോളിയും ഏറ്റുമുട്ടും. 

Latest News