ആമസോണിലെ 'ആനത്താമര' ഇനി   നിലമ്പൂരിലും 

നിലമ്പൂര്‍- ആമസോണ്‍ നദീതടങ്ങളില്‍ സാധാരണ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി സഞ്ചാരികളെ ആകര്‍ഷിച്ച് പുതിയ രൂപത്തിലും ഭാവത്തിലും നിലമ്പൂരിലെ തേക്ക് മ്യൂസിയം ബുധന്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രത്തിന്റെ മേധാവി മല്ലികാര്‍ജുന സ്വാമി അറിയിച്ചു. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ മാര്‍ച്ച് 15 നാണ് മ്യൂസിയവും അതിനോടനുബന്ധിച്ചുള്ള ജൈവ വൈവിധ്യ ഉദ്യാനവും അടച്ചിട്ടത്. 
നിലമ്പൂര്‍ മേഖലയില്‍ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ നിലമ്പൂരിലെ തേക്ക് മ്യൂസിയം കേരള വനം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപകേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേന്ദ്രസ്ഥാപനം പ്രവര്‍ത്തിക്കുന്ന തൃശൂര്‍ പീച്ചിയിലേതിനേക്കാള്‍ വലിയതാണ് നിലമ്പൂരിലെ കേന്ദ്രം. 
മ്യൂസിയം കെട്ടിടത്തിന്റെ പിറകിലാണ് വിശാലമായ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. മ്യൂസിയം കെട്ടിടത്തിന്റെ പിറകിലെ കുളത്തില്‍ ചെസ് കളിക്കുന്ന രണ്ടു തവളകളുടെ ശില്‍പ്പം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ബംഗളൂരുവിലെ ലാല്‍ബാഗ് പാര്‍ക്കില്‍ നിന്നാണ് ആനത്താമരയുടെ ചെടി കൊണ്ടുവന്നത്. പച്ച നിറത്തില്‍ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളില്‍ നാല്-അഞ്ച് കിലോയുള്ള കുട്ടികളെ ഇരുത്താനാകും. ഇലയുടെ അടിഭാഗം മുഴുവന്‍ മുള്ളുകളാണ്. 
സാധാരണ താമരപ്പൂക്കള്‍ വിരിഞ്ഞാല്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുമെങ്കില്‍ ആനത്താമരയുടെ പൂക്കള്‍ ഒരു ദിവസം മാത്രമാണ് വിരിഞ്ഞാല്‍ നില്‍ക്കുക. രാവിലെ വിരിയുമ്പോള്‍ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകള്‍ വൈകുന്നേരത്തോെട പിങ്ക് നിറത്തിലേക്കു മാറും. ഇലകളാണെങ്കില്‍ ആദ്യം കടുംചുവപ്പില്‍ തുടങ്ങി വളര്‍ച്ചയെത്തുമ്പോള്‍ പച്ച നിറമായി മാറും. തിരുവനന്തപുരത്തെ ജവാഹര്‍ലാല്‍ നെഹ്‌റു ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലും ബംഗളൂരുവിലും നിലമ്പൂരിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളതെന്നു അധികൃതര്‍ പറഞ്ഞു. 


 

Latest News