കണ്ണൂര്‍- ദേശീയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല, കൂട്ടിലിട്ട പട്ടിയാണെന്ന്
ജയരാജന്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ സിറ്റിയില്‍ സംഘടിപ്പിച്ച സി.പി.എം പ്രതിഷേധ യോഗത്തിലായിരുന്നു ജയരാജന്റെ പരാമര്‍ശം.
ലൈഫ് മിഷന്‍ പദ്ധതിയില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐയെ പണ്ട് കോടതി പരാമര്‍ശിച്ചത് കൂട്ടിലിട്ട തത്തയെന്നാണ്. ഞാനാണ് പറയുന്നതെങ്കില്‍ സി.ബി.ഐയെ കൂട്ടിലിട്ട പട്ടിയെന്നാണ് വിശേഷിപ്പിക്കുക. യജമാനന്മാര്‍ വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് ഭവ്യതയോടെ വാലാട്ടുകയും മറ്റുള്ളവരെ കാണുമ്പോള്‍ കുരച്ചു ചാടുകയും ചെയ്യുന്ന പട്ടിയാണ് സി.ബി.ഐ -ജയരാജന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ജയരാജന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. കിഫ്ബിയുടെ ഫണ്ട് വാങ്ങിയാണ് ചെന്നിത്തല സ്വന്തം മണ്ഡലത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കിയത്. എന്നിട്ടീ കള്ള സുബര്‍ ചെന്നിത്തല പറയുന്നത് കിഫ്ബി അഴിമതിയാണെന്നാണ് -അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് നടപടികള്‍ നേരിടുകയും ജയില്‍വാസം വരെ അനുഭവിക്കേണ്ടി വരികയും ചെയ്ത നേതാവാണ് ജയരാജന്‍. ദന്തഗോപുരങ്ങളില്‍ ഇരിക്കുന്ന ചില ശുംഭന്മാര്‍ പുറപ്പെടുവിക്കുന്ന വിധി എന്ന പരാമര്‍ശമാണ് അന്ന് വിവാദമായത്. ശുംഭന്‍ എന്ന പദത്തിന് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ വിശദീകരണങ്ങള്‍ പലതും വ്യാപക പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സമീപകാലത്ത് സോഷ്യല്‍ മീഡിയയിലെ ന്യായീകരണങ്ങള്‍ സംബന്ധിച്ച് ജയരാജന്‍ നല്‍കിയ കാപ്‌സ്യൂള്‍ പ്രയോഗം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിന്റെ അലകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കയാണ്.