- മുസാഫിർ
ജിദ്ദ - ഭക്തിയുടെ രാഗം ഭൈരവ്. തിരമാല പോലെ ഉള്ളിലിരമ്പിയ ഭക്തപ്രകർഷത്തിൽ രാഗപരാഗം വിതുമ്പിയുണർന്നു. മനസ്സും വപുസ്സും സ്രഷ്ടാവിലർപ്പിച്ച് പാട്ടിന്റെ മാന്ത്രികൻ മസ്ജിദുൽ ഹറമിൽ പ്രാർഥനാ നിരതനായി.. ആരുമറിയാതെ, ആരേയുമറിയിക്കാതെ, ആൾക്കൂട്ടത്തിന്റെ ആരവങ്ങളിൽ, ഒരു മൗനാലാപനം പോലെ.. ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യൻ സംഗീതത്തിന്റെ യശസ്സുയർത്തിയ മഹാപ്രതിഭ പ്രദക്ഷിണവഴിയിൽ. ദുബായിൽനിന്ന് സൗദി ആതിഥേയന്റെ സ്വകാര്യ വിമാനത്തിൽ റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയതായിരുന്നു എ.ആർ.റഹ്മാനും ഭാര്യ സൈരാബാനുവും മകൻ ആദിൽ അഹമ്മദും.
റിയാദിൽനിന്ന് ഇന്നലെ ജിദ്ദ വിമാനതാവളത്തിലിറങ്ങി നേരെ മക്കയിലേക്ക് പോയ റഹ്മാനും കുടുംബവും, ഉംറയുടെ ഉദാത്ത സാഫല്യത്തിൽ ഇന്ന് പുലർച്ചെ മദീനയിലേക്കും സിയാറത്തിനു ശേഷം അവിടെ നിന്ന് രാത്രി ദുബായ് വഴി നാട്ടിലേക്കും തിരിച്ചുപോകും.
നേരത്തെ പല തവണ ഉംറ നിർവഹിച്ചിട്ടുണ്ട്. 2004 ൽ ഉമ്മയോടും സഹോദരിയോടുമൊപ്പം ആദ്യത്തെ ഹജ് നിർവഹിച്ചു. 2006 ലും ഹജ് ചെയ്യാൻ ഭാഗ്യമുണ്ടായി. ഇക്കഴിഞ്ഞ ജനുവരിയിൽ ഭാര്യ സൈരാബാനുവിനോടൊപ്പം ഉംറ നിർവഹിച്ചു. മകനോടൊപ്പമുള്ള ആദ്യഉംറയാണിത്. ഈ സൗദി യാത്ര പക്ഷേ ആകസ്മികമായിരുന്നു. അപ്രതീക്ഷിതമായ വരവ്. അത് കൊണ്ട് തന്നെ ഏറെ സന്തോഷകരം.. തന്റെ ചിരകാല സുഹൃത്തും ജിദ്ദാ തമിഴ് സംഘം നേതാവുമായ സിറാജിനോടൊപ്പം ഉംറ നിർവഹിച്ച റഹ്മാൻ, ടെലിഫോണിൽ മലയാളം ന്യൂസിനോട് പറഞ്ഞു.
എസ്. ശങ്കർ സംവിധാനം ചെയ്ത മെഗാ ബജറ്റ് ചിത്രമായ 2.0 എന്ന സയൻസ് ഫിക്ഷൻ സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനാണ്, ഈ സിനിമയുടെ സംഗീതസംവിധായകനായ റഹ്മാൻ ദുബായിലെത്തിയത്. 450 കോടി രൂപ മുടക്കി നിർമിക്കുന്ന 2.0, റോബോട്ട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഹിന്ദി, തമിഴ്, തെലുഗു തുടങ്ങി പതിനഞ്ചു ഭാഷകളിലാണ് 2.0 നിർമിക്കുന്നത്. രജനീകാന്ത്, അക്ഷയ്കുമാർ, എമി ജാക്‌സൺ തുടങ്ങിയവർ വേഷമിട്ട സിനിമ അടുത്ത ജനുവരി 25 ന് പൊങ്കൽ ദിനത്തിലാണ് റിലീസ് ചെയ്യുന്നത്. ഒരേ സമയം നാലായിരം തിയേറ്ററുകളിൽ അന്ന് സിനിമ പ്രദർശിപ്പിക്കപ്പെടും.
ക്ലേശകരമായിരുന്നു ഇതിന്റെ വർക്ക്. പക്ഷേ അനന്യം, അനുപമം എന്നൊക്കെ പറയാവുന്ന രീതിയിലാണ് പടത്തിന്റെ സംഗീതം ചെയ്തിട്ടുള്ളത്. ശങ്കർ ഏറെ സംതൃപ്തനാണ് - എ.ആർ.റഹ്മാൻ കൂട്ടിച്ചേർത്തു.
ദുബായിലെ ഓഡിയോ ലോഞ്ചിംഗിൽ ക്ഷണിക്കപ്പെട്ട നാലായിരം പേർ പങ്കെടുത്തതായും റഹ്മാൻ കൂട്ടിച്ചേർത്തു.