കണ്ണൂര്‍- തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവും പത്രികാ സമര്‍പ്പണവും തകൃതിയായി നടക്കുന്നതിനിടെ ചുവപ്പു കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരില്‍ മത്സരത്തിനായി അസം സ്വദേശിനിയും. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് ഇടതു, ഐക്യമുന്നണികളോട് ഏറ്റുമുട്ടാന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി അസം സ്വദേശിനി മുന്‍മി ഷാജി എത്തുന്നത്. ഈ വാര്‍ഡിലെ താമസക്കാരിയാണ് മുന്‍മി.
അസമിലെ ലോഹാന്‍പുര്‍ ജില്ലയിലെ ബോഗിനഡി ഗ്രാമവാസിയാണ് മുന്‍മി. ഇരിട്ടിയിലെ ചെങ്കല്‍ പണി തൊഴിലാളിയായ കെ.എന്‍.ഷാജിയെ വിവാഹം ചെയ്തതോടെയാണ് ഇവര്‍ കേരളത്തില്‍ എത്തുന്നത്. ഏഴ് വര്‍ഷം മുമ്പായിരുന്നു വിവാഹം. വികാസ് നഗറിലെ ഊവാ പള്ളിയിലെ വാടക വീട്ടിലാണ് മുന്‍മിയും കുടുംബവും താമസം. സാധിക, ഋതിക എന്നീ മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്.
യാദൃഛികമായുണ്ടായ ഒരു ഫോണ്‍ കോളിലൂടെയാണ് മുന്‍മി, ഷാജിയുടെ ജീവിത പങ്കാളിയായത്. അസം സ്വദേശിയായ ഒരു തൊഴിലാളിയെ വിളിച്ച ഫോണ്‍ കോള്‍ നമ്പര്‍ മാറി മുന്‍മിയുടെ ഫോണില്‍ എത്തുകയായിരുന്നു. ഹിന്ദി നന്നായി സംസാരിക്കാന്‍ കഴിയുന്ന ആളായിരുന്നു ഷാജി. പിന്നീടിവര്‍ പരസ്പരം സംസാരിക്കുകയും ഇത് പ്രണയത്തിലെത്തുകയും ചെയ്തു. ഇരു കുടുംബങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ ഏഴു വര്‍ഷം മുമ്പ് ഇരിട്ടി കീഴൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം.
പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബമാണ് മുന്‍മിയുടേത്. പിതാവ് ലീലാ ഗോഗോയും മാതാവ് ഭവാനി ഗോഗോയിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പിന്നീട് അസമില്‍ ഭരണ മാറ്റം ഉണ്ടായതോടെ മുന്‍മിയുടെ കുടുംബവും ബി.ജെ.പിയിലെത്തി. വിവാഹം കഴിഞ്ഞ് ഇരിട്ടിയിലെത്തിയ ആദ്യകാലത്ത് കടുത്ത മാനസിക വിഷമത്തിലായിരുന്നു. കാരണം അസമില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ പരസ്പര ബഹുമാനവും സൗഹൃദവും പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയതോടെ രാഷ്ടീയ അക്രമങ്ങളും കൊലപാതകങ്ങളും കണ്ടതോടെ മനസ്സു മടുത്തു. ഇരിട്ടിയിലെത്തിയ ശേഷം മലയാളം സംസാരിക്കാന്‍ പഠിച്ചു. എന്നാല്‍ എഴുതാനും വായിക്കാനും അറിയില്ല. നാടിന് വേണ്ടി തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മുന്‍മി പറയുന്നു.