കണ്ണൂര്‍- സി.പി.എം പ്രവര്‍ത്തകരുടെ നിരന്തര ആക്രമണം മൂലം പലായനം ചെയ്യേണ്ടി വന്ന ദളിത് യുവതി എടാട്ടെ ചിത്രലേഖ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഓട്ടോ െ്രെഡവറായ ചിത്രലേഖ ഫേസ്ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുലയ സ്ത്രീയായി ജനിച്ചതുകൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്ന് എനിക്ക് പലായനം ചെയ്യേണ്ടി വന്നു. എന്നിട്ടും അക്രമം തുടരുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും സി.പി.എമ്മിന്റെ ജാതിവിവേചനത്തില്‍ മനം നൊന്ത് ചിത്രലേഖ പറയുന്നു.
സി.ഐ.ടി.യുവില്‍ ചേരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പയ്യന്നൂരിനടുത്ത് എടാട്ടെ ഓട്ടോ െ്രെഡവറായ ചിത്രലേഖയെ ആക്രമിച്ചതും പല തവണകളിലായി വാഹനം അഗ്‌നിക്കിരയാക്കിയതും. ഓട്ടോ ഓടിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കണ്ണൂരിലെ വാടക വീട്ടിലേക്ക് താമസം മാറിയെങ്കിലും ഇവിടെയും തൊഴില്‍ എടുക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ മാസങ്ങളോളം സത്യഗ്രഹം നടത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ വീടുവെക്കാന്‍ അഞ്ച് സെന്റ് സ്ഥലം അനുവദിച്ചു. വീടു നിര്‍മാണം നടന്നുകൊണ്ടിരിക്കേ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി. മുന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ചിത്രലേഖ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിന് ശേഷമാണ് ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
പുലയ സ്ത്രീയായി ജനിച്ചതു കൊണ്ടും സി.പി.എം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തെ ചോദ്യം ചെയ്തതുകൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കുകയും ജനിച്ച നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സി.പി.എം പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സത്ര്വം വിട്ട് ഇസ്‌ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വര്‍ഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലൗവ് ജിഹാദ്, പണം എന്ന പേരും പറഞ്ഞ് ആരും ഈ വഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സിപിഎമ്മിന് മുന്നില്‍ ഇനിയും സൈ്വരമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സി.പി.എമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹമാണിതിന് പിന്നിലെന്ന് ചിത്രലേഖ ഫേസ്ബുക്കില്‍ കുറിക്കുന്നു.