തിരുവനന്തപുരം- കിഫ്ബിക്ക് എതിരായ സി.എ.ജിയുടേത് കരട് റിപ്പോർട്ടാണെന്ന വാദം ധനമന്ത്രി തോമസ് ഐസക് തിരുത്തി. കഴിഞ്ഞ മൂന്നു ദിവസമായി കരട് റിപ്പോർട്ടാണ് എന്നായിരുന്നു ധനമന്ത്രി വാദിച്ചുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പ്രസ് ഇൻഫർമേഷൻ ബ്യൂറ് ഇത് അന്തിമറിപ്പോർട്ടാണ് എന്ന് വാർത്താകുറിപ്പ് പുറത്തുവിട്ടതോടെ മന്ത്രി ഇന്ന് നിലപാട് തിരുത്തി. കിഫ്ബിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നം സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്നും ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. സി.എ.ജി റിപ്പോർട്ട് ബാധിക്കുന്നത് കേരളത്തിന്റെ വികസനത്തെയാണ്. അതാണ് പ്രധാന പ്രശ്‌നം. കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പയല്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ് കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികൾ. എന്നാൽ ഇത് സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോൾ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.