Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞത്ത് അതിജീവന പോരാട്ടം  


ഏറെ വിവാദങ്ങൾക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ ഉപരോധം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. എവിടേയും സംഭവിക്കുന്ന പോലെ മാന്യമായ നഷ്ടപരിഹാരം നൽകാത്തതുതന്നെയാണ് ഇവിടേയും പ്രധാന പ്രശ്‌നം. വികസനപദ്ധതികളെ എതിർക്കുന്നവർക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി നിലനിൽക്കുമ്പോഴാണ് ഉപരോധസമരം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 
വിഴിഞ്ഞത്തെ ലത്തീൻ കത്തോലിക്കരായ മീൻപിടുത്തക്കാർക്ക് ആകെ നിശ്ചയിച്ചിരുന്ന നഷ്ടപരിഹാരം അവിടത്തെ വിരലിലെണ്ണാവുന്ന കരമടി (കമ്പവല) മീൻപിടുത്തക്കാർക്ക് മാത്രമാണ്. അവിടെ വാണിജ്യ തുറമുഖം നിർമ്മിക്കുന്നതോടെ ഫിഷിംഗ് ഹാർബറിലെ പരമ്പരാഗത മീൻപിടുത്ത ഉരുക്കൾ അപകടത്തിൽ പെടുമെന്ന് കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധസമിതി പോലും നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതാണ്. അതുകൊണ്ട് ഫിഷിംഗ് ഹാർബറിൽ നിന്നും ഏറെ അകലെയായി മാത്രമേ വാണിജ്യ തുറമുഖം നിർമിക്കാവൂ എന്നു പോലും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചുകൊണ്ട് ഒരു ലഘുലേഖ തീരദേശ സംരക്ഷണ സമിതി ഇറക്കുക പോലും ചെയ്തിരുന്നു. ഇതിനകം നൂറോളം വള്ളങ്ങൾക്ക് അപകടങ്ങളിൽ പെട്ട് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ പറയുന്നു, പത്രവാർത്തകളും അത് സ്ഥിരീകരിക്കുന്നു. 
എന്നാൽ ഇവർക്കൊന്നും നഷ്ടപരിഹാരം നൽകാൻ പണം നീക്കിവച്ചിട്ടില്ല. മാത്രമല്ല, ഈ പ്രശ്‌നം എല്ലായ്‌പ്പോഴും നടക്കുമെന്നതിനാൽ നഷ്ടപരിഹാരം കണക്കാക്കാനും കഴിയില്ല എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വാണിജ്യ തുറമുഖത്തിനായുള്ള ബ്രേക്ക് വാട്ടറിന്റെ വെറും 500 മീറ്റർ മാത്രം പൂർത്തിയായപ്പോഴുള്ള അവസ്ഥയാണിത്. ഇനിയും ഒരു കിലോമീറ്ററിലേറെ കടലിലേക്ക് ഇത് നീളുകയും പിന്നീടു  തെക്കോട്ട് വളഞ്ഞ് വീണ്ടും രണ്ട് കിലോമീറ്ററിലധികം പണിയാനുമുണ്ട്. ആ പണി നടക്കുമ്പോൾ വള്ളങ്ങൾക്ക് കൂടുതൽ അപകടങ്ങൾ സംഭവിക്കും എന്നുറപ്പാണ്. വിഴിഞ്ഞത്തേക്ക് വർഷകാല മീൻപിടുത്തത്തിന് വെളിയിൽ നിന്നും വള്ളങ്ങൾ വരുന്നതും ഈ അപകടഭീഷണി കാരണം ഇല്ലാതാകും. 
കൂടാതെ ബെർത്ത് നിർമ്മിക്കുന്നതിന് പൈലിംഗ് പണി ആരംഭിച്ചതോടെ സമീപത്ത് തിങ്ങിപ്പാർക്കുന്ന ആളുകളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു, ചുവരുകൾ പിളരുന്നു. ഇതും  ആരും  മുൻകൂട്ടി കണ്ടിരുന്നതല്ലത്രെ. വീടുകൾക്കുണ്ടായിരിക്കുന്ന കേടുപാടുകൾ പൈലിംഗ് പണി മൂലമല്ലെന്ന് വരുത്തിത്തീർക്കാനാണ്  ശ്രമം. പൈലിംഗ് പണി പുരോഗമിക്കുന്തോറും കൂടുതൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കാനാണ് സാധ്യത. 
2015 ൽ പദ്ധതിക്കെതിരെ സമരം ശക്തി പ്രാപിച്ചപ്പോൾ രൂപതയുടെ നേതൃത്വത്തിൽ സർക്കാരുമായി ചർച്ച നടത്തി, 475 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെയായിരുന്നു അന്ന് സമരം അവസാനിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുൻപുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ തന്ത്രം മാത്രമായിരുന്നു അത്. തുറമുഖ പദ്ധതിയുടെ ദുരന്തംമൂലം തീരശോഷണം സംഭവിക്കുന്നതും ഉപജീവനം നഷ്ടപ്പെടുന്നതും ഭൂരിഭാഗവും പൂന്തുറ, വലിയതുറ, ശംഖുമുഖം, ബീമാപള്ളി തുടങ്ങിയ തീരപ്രദേശങ്ങളെയാണ്. ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളോ സാമൂഹികവും പാരിസ്ഥികവും സാമ്പത്തികവുമായ വിഷയങ്ങളോ ഒന്നും തന്നെ പാക്കേജിൽ പരിഗണനാവിഷയമായി വന്നതേയില്ല. എന്നുമാത്രമല്ല ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള തുകയിൽ പകുതിയും മത്സ്യത്തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയ തുകയും ആയിരുന്നു. 
വിഴിഞ്ഞം തുറമുഖ പദ്ധതിയെ കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായിട്ടാണ് സർക്കാർ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുള്ളത്. പദ്ധതി യാഥാർത്ഥ്യം ആകുന്നതോടുകൂടി പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി ലഭിക്കുമെന്നും ആയിരക്കണക്കിന് കോടി രൂപ നികുതിയായി സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്തുമെന്നും കേരളം വൻ വികസന കുതിച്ചുചാട്ടം നടത്തുമെന്നുമെല്ലാം ആണ് സർക്കാരിന്റെയും  വിഴിഞ്ഞം പദ്ധതി പക്ഷക്കാരുടെയും വാദം. 
വസ്തുതകളും പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളും മുൻനിർത്തി പരിശോധിച്ചാൽ ഈ വാദങ്ങളെല്ലാം അടിസ്ഥാനവിരുദ്ധവും വഞ്ചനാപരവും ജനാധിപത്യ വിരുദ്ധവും ആണെന്ന് കാണാൻ കഴിയും. പദ്ധതി യാഥാർഥ്യം ആകുന്നതോടുകൂടി പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് തൊഴിലും തൊഴിലിടവും നഷ്ടപ്പെടുമെന്നതാണ് യാഥാർത്ഥ്യം. പശ്ചിമഘട്ടത്തിന്റെയും തീരത്തിന്റെയും നഷ്ടം സങ്കൽപിക്കുന്നതിനും അപ്പുറമായിരിക്കും. 
പദ്ധതിയുടെ മൊത്തം ചെലവ് 7525 കോടി രൂപയാണ്. അതിൽ 5071 കോടി മുടക്കേണ്ടത് സർക്കാർ ആണ്. അദാനി 2454 കോടി രൂപ മുടക്കിയാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ 70 ശതമാനവും മുടക്കേണ്ടത് സർക്കാർ. ലാഭം അദാനിക്കും.  പദ്ധതിയ്ക്ക് ആവശ്യമായ തുകയുടെ ഇരട്ടിയോളം ആണു പദ്ധതി തുകയായി വകയിരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലഭിക്കുന്ന ഗ്രാന്റും കൂടുതൽ ആണ്. 1685 കോടി രൂപ ( 817.8 കേന്ദ്രവും 817.2 കേരളവും നൽകും) നൽകും. യഥാർത്ഥത്തിൽ ഈ തുക മതിയാകും അദാനിക്ക് ആദ്യഘട്ട നിർമ്മാണം നടത്തുവാൻ. ഈ 1685 കോടി രൂപ ഗ്രാന്റ് അല്ല. പോർട്ട് ലാഭകരം ആകുമ്പോൾ കേരള സർക്കാർ ഈ തുക തിരിച്ച് അടക്കണം. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനത്തിന്റെ ബാധ്യത.
പോർട്ട് നിർമ്മാണം കഴിഞ്ഞ് (നിർമ്മാണ കാലയളവ് 4 വർഷമാണ്) 15 വർഷം കഴിയുമ്പോൾ സർക്കാരിന് 1% ലഭിക്കുമെന്നതാണ്. അതായത് 19 വർഷം കഴിയുമ്പോൾ പോർട്ട് വരുമാനത്തിന്റെ 1% അല്ല ലഭിക്കുന്നത് ലാഭത്തിന്റെ 1% ആണ്. സർക്കാർ നടത്തിയ 3 ഫീസിബിലിറ്റി റിപ്പോർട്ടും പറയുന്നത് പോർട്ട് ലാഭകരം ആയിരിക്കില്ല എന്നായിരുന്നു. ലാഭക്ഷമത പഠനം (എലമശെയശഹശ്യേ ഞലുീൃ)േ നടത്തിയ ഇന്റർനാഷണൽ ഫിനാൻഷ്യൽ കമ്മീഷൻ (2010), എയിക്കോം (2013), ഒടുവിൽ ഏണസ്റ്റ് ആന്റ് യംഗ് (2015) എന്നീ ഏജൻസികൾ റിപ്പോർട്ട് നൽകിയത് പോർട്ട് വലിയ നഷ്ടമായിരിക്കുമെന്നാണ്. അങ്ങനെയെങ്കിൽ ഏത് ലാഭത്തിന്റെ വിഹിതമാണു ലഭിക്കുന്നതെന്ന് ആർക്കും അറിയില്ല. ലാഭകരം ആണെങ്കിൽ തന്നെ ഇതിനെ ഓഡിറ്റ് ചെയ്യുവാനുള്ള ഒരു ഏജൻസിയെക്കുറിച്ചും കരാറിൽ പറയുന്നില്ല.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കായി 2011 ൽ കേരളം അപേക്ഷ നൽകിയപ്പോൾ കേന്ദ്രം ഒരു വിദഗ്ധ കമ്മിറ്റിയെ പഠിക്കാൻ നിയോഗിച്ചു. ഈ പഠന സമിതി നൽകിയ റിപ്പോർട്ടിൽ അതീവ പാരിസ്ഥിതിക ലോലപ്രദേശമായ ഇവിടെ ഒരു രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ല എന്ന് വ്യക്തമായി നിഷ്‌കർഷിച്ചിരുന്നു. എന്ന് മാത്രമല്ല തുറമുഖ പദ്ധതിക്കായി മറ്റൊരു പ്രദേശം കണ്ടെത്തണമെന്നും നിർദ്ദേശിച്ചിരുന്നു. 1970 ൽ വിഴിഞ്ഞത്ത് ഫിഷിംഗ് ഹാർബർ നിർമ്മാണത്തിനായി 400 മീറ്റർ പുലിമുട്ട് നിർമ്മിച്ചപ്പോൾ വിഴിഞ്ഞത്തിനു വടക്ക് പൂന്തുറ, വലിയതുറ, ബീമാപ്പള്ളി, പനത്തറ തുടങ്ങിയ സ്ഥലങ്ങളിൽ 300 മീറ്ററിൽ അധികം സ്വാഭാവിക തീരമാണു കടലെടുത്ത് പോയത്. 1000ൽ അധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ഫലമോ 5 ൽ അധികം കോളനികൾ രൂപം കൊണ്ടു. ഇവരുടെ പുനരധിവാസം ഇന്നും പൂർത്തീകരിച്ചിട്ടില്ല. ഈ പാരിസ്ഥിതിക ദുരന്തത്തെയൊന്നും മുഖവിലക്കെടുക്കാതെ സംസ്ഥാന സർക്കാർ നിർദിഷ്ട പ്രദേശത്തു തന്നെ പദ്ധതിയ്ക്ക് അനുമതി നല്കുകയായിരുന്നു.
ഇഞദ 1 ൽ പെടുന്ന വിഴിഞ്ഞം അതീവ പരിസ്ഥിതി ലോലപ്രദേശമാണ്. ഒശഴവ ഋൃീശെീി മേഖലയായ ഇവിടെ ഒരു രീതിയിലുള്ള നിർമ്മാണവും പാടില്ലെന്നാണു നിയമം. സെഡിമന്റ് ട്രാൻസ്‌പോർട്ട് എന്ന പ്രതിഭാസം ആണ് ഇതിനു കാരണം. മൺസൂൺ കാലത്ത് അതിശക്തമായ ഒഴുക്ക് തെക്കോട്ടുണ്ടാകുകയും തീരം മണൽ തെക്ക് അടിയുകയും ചെയ്യും. എന്നാൽ സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഈ ഒഴുക്ക് വടക്കോട്ടായിരിക്കും. തീരം എടുത്തു പോകുന്ന മണ്ണു തിരികെ എത്തുകയും ചെയ്യും. പ്രകൃതിയുടെ സ്വാഭാവികമായ ഈ പ്രതിഭാസമാണ് പുലിമുട്ടുകൾ തടയുന്നതും തീരം നശിക്കുന്നതിനു കാരണമാകുന്നതും. കേന്ദ്ര വിദഗ്ധ സമിതി, സെന്റർ ഫോർ സസ്റ്റെയിനബിൾ കോസ്റ്റൽ മാനേജ്മന്റ് തുടങ്ങിയ ഗവൺമെന്റ് റിപ്പോർട്ടുകളും ഒട്ടനവധി പ്രൈവറ്റ് പഠനങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. ഇവിടെയാണു 3800 മീറ്റർ നീളത്തിൽ 66 ഹെക്ടർ കടൽ നികത്തി 70 ലക്ഷം ( ബ്രേക്ക് വാൾ / പുലിമുട്ട് നിർമ്മാണനത്തിനു മാത്രം ) ടൺ പാറയിട്ട് ബ്രേക്ക് വാൾ നിർമ്മിക്കാൻ പോകുന്നത്. 
വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ടിരിക്കുന്നത് 'വിഴിഞ്ഞം അദാനി പോർട്ട്സ്' എന്നൊരു പുതിയ കമ്പനി ഉണ്ടാക്കി അതിന്റെ പേരിലാണ് . രാഷ്ട്രീയക്കാർ പറയുന്നത് പോലെ അദാനി പോർട്ട്സിന്റെ പേരിൽ അല്ല. ഈ കമ്പനിക്കാണു പദ്ധതിക്ക് നൽകിയിരിക്കുന്ന 351 ഏക്കറിന്റെ ഈടിന്മേൽ എസ് ബി ടി ബാങ്ക് 3000 കോടി രൂപ ലോൺ നൽകുന്നത്. ഈ തുക മതിയാകും പോർട്ട് എസ്റ്റേറ്റ് ഡെവലപ്മെന്റ് എന്ന പേരിൽ നടക്കുന്ന കൺസ്ട്രക്ഷൻ തീർക്കാൻ. പോർട്ട് നഷ്ടത്തിൽ ആയി തുക അദാനി ബാങ്കിനു അടക്കാതിരുന്നാലും ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ആ കമ്പനിക്ക് മറ്റ് ആസ്തികൾ ഒന്നും തന്നെയില്ല. അതുകൊണ്ട് കണ്ടുകെട്ടാനും കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ അദാനി സേഫ് ആണ്. അദാനിക്ക് ഒരു രൂപ പോലും മുടക്ക് വരുന്നില്ല.
പദ്ധതി നടപ്പിലാക്കിക്കഴിയുമ്പോൾ 650 പേർക്ക് നേരിട്ടും (ടെക്നീഷ്യൻസിനെ മാത്രം) 2000 പേർക്കും പരോക്ഷമായും ( ട്രക്ക് ഡ്രൈവർ, ഹോട്ടൽ ജീവനക്കാർ, അങ്ങനെ ) ലഭിക്കുമെന്നാണു പദ്ധതി രേഖയിൽ പറയുന്നത്. 20518 മത്സ്യത്തൊഴിലാളികളെയും 18929 കുടുംബങ്ങളേയും പദ്ധതി ബാധിക്കുമെന്നു സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ് വ്യക്തമാക്കുന്നു. 650 പേർക്ക് നേരിട്ടും 2000  പേർക്ക് പരോക്ഷമായും മാത്രം തൊഴിൽ ലഭിച്ചാൽ എങ്ങനെയാണ് തൊഴിൽ നഷ്ടപ്പെടുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നത്.
ഈ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെയാണ് യുഡിഎഫ് ഗവെണ്മന്റിന്റെ പദ്ധതിയുമായി എൽഡിഎഫും മുന്നോട്ടുപോകുന്നത്. ഇപ്പോഴില്ലെങ്കിൽ പിന്നെയുണ്ടാവില്ല എന്നതാണ് സർക്കാരിന്റെ ന്യായീകരണം. അതിനായി മാന്യമായ പരിഹാരം പോലും നൽകാനുള്ള ജനാധിപത്യമര്യാദയും ജനാധിപത്യ സർക്കാരിനില്ല എന്നതാണ് പദ്ധതിയേക്കാൾ വലിയ ദുരന്തം. 

 

Latest News