കോഴിക്കോട്- ആശുപത്രിയില്‍ കോവിഡ് രോഗിയായ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
പരാതിയെ തുടര്‍ന്ന് ആശുപത്രിയിലെ കോവിഡ് സെന്ററില്‍ ജോലി ചെയ്തിരുന്ന ക്ലറിക്കല്‍ വിഭാഗം ജീവനക്കാരന്‍ ചേളന്നൂര്‍ സ്വദേശി പി. അശ്വിന്‍ കൃഷ്ണയെ ആശുപത്രി മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു.
ആശുപത്രി രജിസ്റ്ററില്‍നിന്ന് യുവതിയുടെ ഫോണ്‍ നമ്പറെടുത്ത് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയച്ചു കൊണ്ടായിരുന്നു തുടക്കം. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി പറയുന്നു. ഞായറാഴ്ച രാത്രി ഇയാള്‍ യുവതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ജീവനക്കാരന്‍ ഡോക്ടര്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് ലിഫ്റ്റില്‍ മുകളിലെ നിലയില്‍ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
ലിഫ്റ്റില്‍ കയറി യുവതി രക്ഷപ്പെടുകയായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ആശുപത്രിയിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി.