സ്വത്തിനും അരഞ്ഞാണത്തിനും ശേഷം മൂന്നാമത്തെ ആവശ്യം ഉന്നയിക്കുന്നതിനു മുമ്പ് മൽബിയിൽനിന്ന് കയ്ച്ചിലായെങ്കിലും നാട്ടിൽനിന്ന് മൽബുവിനെ തേടി വേറെ വിളി വന്നു.
വയ്യാവേലിയാകുമെന്ന് കരുതി മടിച്ചു മടിച്ചാണ് പൊതുവെ നാട്ടിൽനിന്നുള്ള നമ്പറുകൾ എടുക്കാറുള്ളത്.
എടുക്കാതിരുന്നാൽ മനഃസമാധാനം നഷ്ടപ്പെടുകയും ചെയ്യും. അവഗണിച്ച നമ്പറിന്റെ മറുതലയ്ക്കൽ ആരായിരിക്കുമെന്ന ആധി പിടികൂടും. പിന്നീട് ഒരു പരീക്ഷണം നടത്തും. പ്രൈവറ്റ് നമ്പർ എന്നു മാത്രം കാണിക്കുന്ന നെറ്റ് കാൾ വഴി തിരിച്ചുവിളിക്കും. അങ്ങേതലയ്ക്കൽ ഏടാകൂടമില്ലെന്ന് ശബ്ദം കേട്ട് ഉറപ്പാക്കിയ ശേഷം സംസാരിച്ചു തുടങ്ങും.
അല്ലാത്തപക്ഷം ടി.വി റിപ്പോർട്ടർമാർമാരെ പോലെ കേട്ടില്ലെന്നും നടിക്കും. ഹലോ ഹോലോ എന്ന് ആവർത്തിക്കും.
വാർത്താ അവതാരകന്റെ ചോദ്യം കുടുക്കുന്നതാണെങ്കിൽ റിപ്പോർട്ടർമാർ മാത്രമല്ല, ചർച്ചയിൽ പങ്കെടുക്കുന്ന ചില പ്രമുഖരും ബധിരരാകാറുണ്ടെന്ന് ഈയിടെയാണ് മനസ്സിലായത്.
ഗൾഫിലെ ചില സംഭവ വികാസങ്ങളെ കുറിച്ച് ചോദിക്കാൻ ലൈവിൽ വരാമോ എന്നു ചോദിച്ചതായിരുന്നു മൽബുവിനോട് ചാനൽ അവതാരകൻ. തല പോകുന്ന കാര്യങ്ങളൊന്നും ചോദിക്കരുതെന്ന് മൽബു ശട്ടം കെട്ടിയപ്പോഴാണ് അവതാരകന്റെ മറുപടി.
ഉത്തരം പറയാൻ പറ്റാത്ത ചോദ്യങ്ങളാണെങ്കിൽ റിപ്പോർട്ടർമാർ ചെയ്യുന്നതു പോലെ ഹലോ ഹലോ എന്നാക്കിയാൽ മതി. ഒന്നും കേട്ടില്ല, പറഞ്ഞില്ല.
ഇതിപ്പോ മൽബിക്കു പിന്നാലെ വിളിച്ചിരിക്കുന്നത് നാട്ടിലെ പ്രമുഖനാണ്. അയാളുടെ ഫോൺ നമ്പർ സേവ് ചെയ്യാത്ത നാട്ടുകാർ കാണില്ല.
മൽബു ഫോണെടുത്തു.
കുശലാന്വേഷണങ്ങൾ തീരുന്നതിനു മുമ്പേ അങ്ങോട്ട് വിളിക്കാമെന്നു പറഞ്ഞു. അത് അലിഖിത നിയമമാണ്. ആരായാലും ഗൾഫുകാരാണ് ഫോൺ ചെലവ് വഹിക്കാൻ ബാധ്യസ്ഥർ. ഗൾഫുകാരന് നാട്ടിലേക്കുള്ള ഫോൺ ഫ്രീയാണെന്നുവരെ ധരിച്ചുവെച്ചവരുണ്ട്. ഏതോ ചില മാന്യപ്രതിഭകൾ ഓഫീസിലെ ഫോൺ ദുരുപയോഗം ചെയ്ത് നാട്ടിലേക്ക് വിളിച്ച് മണിക്കൂറുകളോളം സൊള്ളിയതിന്റെ ഫലമാണ് പ്രവാസികളെ കുറിച്ചുള്ള തെറ്റിദ്ധാരണക്ക് കാരണം. ഏയ്, വെക്കണ്ട.. ഇവിടെ ഫോൺ ഫ്രീയാണെന്നാണ് അയാൾ പറഞ്ഞിരുന്നത്.
പ്രമുഖനെ മൽബു തിരിച്ചുവിളിച്ചു.
മൽബിയോട് ഒരു കാര്യം അന്വേഷിച്ചിരുന്നു. അവർ ഇതുവരെ മറുപടിയൊന്നും പറഞ്ഞില്ല. നിങ്ങൾ സമ്മതം കൊടുക്കീ. അവൾ നല്ല കഴിവുള്ളവളാണ്. ജയിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു. മൽബീനെ മതീന്നാ പിള്ളേരുടെ ഒക്കെ അഭിപ്രായം.
എന്നാലും ഞാൻ നാട്ടിലില്ലാതെ എങ്ങനെ?
നിങ്ങളുടെ ഒരാവശ്യവുമില്ല. എല്ലാ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ ഞങ്ങൾ നോക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ സ്ഥാനാർഥിയെ ചെക്കന്മാർ പൊക്കിയെടുത്ത ചിത്രമാണ് മൽബുവിന്റെ മനസ്സിലേക്ക് വന്നത്. അതുപോലെ മൽബിയുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല.
അവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല ഇക്കാ..
ആരു പറഞ്ഞു. അവൾ റെഡിയാണ്. നമ്മുടെ വാർഡ് വനിതാ സംവരണമായതിനാൽ മൽബിയെ നിർത്തുക മാത്രമേ വഴിയുള്ളൂ. അവളെ പോലുള്ള സ്മാർട്ട് കുട്ടികൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങി വരണം. മൽബു ഇനിയൊന്നും പറയണ്ട. സമ്മതം കൊടുക്കണം.
ഇത്തവണ എല്ലാം ഓൺലൈനാണ്. അതുകൊണ്ട് അധികം പുറത്തിറങ്ങി നടക്കാനൊന്നുമില്ല. ഇപ്പോ തന്നെ മൽബിയെ വിളിച്ച് ഗുഡ് ന്യൂസ് അറിയിക്കണം.
എന്നാലും ഞാൻ നാട്ടിലില്ലാതെ ശരിയാവില്ല ഇക്കാ..
എന്നാൽ മൽബുവും ഒരു മാസത്തേക്ക് ഇങ്ങ് പോര്.
ഇപ്പോ കഫീലിന്റെ അനുമതിയൊന്നും വേണ്ടല്ലോ. തോന്നുമ്പോൾ പോരാമല്ലോ.. റീ എൻട്രി അടിക്കണം അത്രയല്ലേ വേണ്ടൂ.
അതൊന്നും എളപ്പമല്ല ഇക്കാ..
പത്രത്തിലും ടി.വിയിലുമൊക്കെ കണ്ടല്ലോ..
അതൊന്നും ശരിയല്ല. കഫീലിന്റേം കമ്പനിയുടേം
അനുമതിയില്ലാതെ പണിയും ഇട്ടേച്ച് ആരെങ്കിലും നാട്ടിൽ പോയാൽ തിരിച്ചുവന്നാൽ അയാൾക്ക് ജോലി ഉണ്ടാകുമോ..
തൊഴിൽ കരാർ പ്രകാരം ജോലി ഉണ്ടായാൽ തന്നെ എന്തായിരിക്കും അയാളോട് കമ്പനിയുടെ സമീപനം.
നിങ്ങളൊന്ന് ആലോചിച്ചു നോക്കിയേ.. നിങ്ങളുടെ ബംഗാളി പണിക്കാരൻ ജോലി നടക്കുന്നതിനിടെ അതും ഇട്ടേച്ച് നാട്ടിൽ പോയി തോന്നുമ്പോൾ മടങ്ങി വന്നാൽ എന്തായിരിക്കും നിങ്ങളുടെ മനസ്സ്.
പക്ഷേ വലിയ മാറ്റമെന്നാണല്ലോ പത്രങ്ങളിൽ.
കഫീൽ സ്ഥലത്തില്ലാത്തപ്പോഴോ അവധി ദിവസങ്ങളിലോ അത്യാവശ്യം വന്നാൽ നേരിട്ട് റീ എൻട്രിക്ക് അപേക്ഷിക്കാം. കഫീലിന് എവിടെയിരുന്നും അത് അംഗീകരിക്കാം. ഇതാണ് ഇതുകൊണ്ട് ഞാൻ കാണുന്ന മെച്ചം -മൽബു വീശദീകരിച്ചു.
മനസ്സിലായി, അതെന്തെങ്കിലുമാവട്ടെ. മൽബു നാട്ടിൽ വന്നാലും ഇല്ലെങ്കിലും മൽബി തന്നെയാണ് സ്ഥാനാർഥി.
ഇല്ലിക്കാ.. ഞാൻ ഒരിക്കലും സമ്മതിക്കില്ല. മൽബി സ്ഥാനാർഥിയാകില്ല.
വലിയൊരു അവസരമാണ് തട്ടിക്കളയുന്നതെന്ന് ഇത്തിരി ദേഷ്യത്തിൽ പറഞ്ഞുകൊണ്ടാണ് നാട്ടുപ്രമുഖൻ ഫോൺ വെച്ചത്.
ചോദിച്ചപ്പോൾ ഇല്ലാന്ന് അറുത്തുമുറിച്ച് പറയാതെ നിന്ന് ചിണുങ്ങിക്കാണും.
മൽബിയോട് മൽബുവിനും ദേഷ്യം അടങ്ങുന്നില്ല.