റിയാദ്- ഇഖാമയില്ലാത്തതിനും മറ്റു തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ (തര്‍ഹീലില്‍) കഴിഞ്ഞിരുന്ന ഇന്ത്യക്കാരില്‍ 393 പേര്‍ കൂടി നാട്ടിലെത്തി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇവരെ ദല്‍ഹി വിമാനത്താവളത്തിലാണ് എത്തിച്ചത്. കേരളമടക്കം മിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ വിമാനത്തിലുണ്ടായിരുന്നു.
വ്യാഴാഴ്ച തന്നെ ഇവര്‍ക്കുള്ള രേഖകളെല്ലാം എംബസി ഉദ്യോഗസ്ഥര്‍ തര്‍ഹീലിലെത്തി കൈമാറിയിരുന്നു. എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസഫ് കാക്കഞ്ചേരി, തുഷാര്‍, അബ്ദുസമദ് എന്നിവരാണ് ഇവരുടെ യാത്രരേഖകള്‍ ശരിയാക്കിയത്.
താമസ, തൊഴില്‍ നിയമലംഘകര്‍ക്കായി പരിശോധന ശക്തമാക്കിയതോടെ ദിനംപ്രതി നിരവധി പേരാണ് തര്‍ഹീലിലെത്തുന്നത്. മുന്നൂറിലധികം ഇന്ത്യക്കാര്‍ കൂടി തര്‍ഹീലിലുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്ന് നിയമലംഘകര്‍ക്കായി വ്യാപക പരിശോധന നടത്തിവരികയാണ്. ഇഖാമയില്ലാത്തവരും സമ്പൂര്‍ണ സൗദിവത്കരണം നടത്തിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുമാണ് പ്രധാനമായും പിടിക്കപ്പെടുന്നത്. ഇവരുടെ വിരലടയാളമെടുത്ത് നേരെ തര്‍ഹീലിലേക്ക് കൊണ്ടുപോകും. പിന്നീടാണ് നാട്ടിലേക്ക് കയറ്റിവിടുക. നേരത്തെ പരിശോധനയുണ്ടായിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അവ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിമാനസര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ പരിശോധനയും അറസ്റ്റും വീണ്ടും സജീവമായിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കുന്നതില്‍ എംബസി ഉദ്യോഗസ്ഥര്‍ കഠിന പ്രയത്‌നം നടത്തുന്നുണ്ട്. ഒരു ദിവസം അമ്പതില്‍ താഴെ പേര്‍ക്കാണ് റിയാദ് ജവാസാത്തില്‍ നിന്ന് ഫെനല്‍ എക്‌സിറ്റ് ലഭിക്കുന്നത്. എക്‌സിറ്റടിച്ച് ലഭിച്ചാല്‍ എംബസി തന്നെ നേരിട്ട് അവരെ വിളിച്ചറിയിക്കും. തര്‍ഹീല്‍ വിരലടയാളമെടുക്കാതെ തന്നെ നാട്ടിലേക്ക് പോകാമെന്നതിനാല്‍ പുതിയ വിസയില്‍ തിരിച്ചുവരുന്നതിന് പ്രയാസമുണ്ടാകില്ല. എന്നാല്‍ പോലീസ് പിടികൂടി തര്‍ഹീല്‍ വഴി പോകുമ്പോള്‍ തിരിച്ചുവരുന്നതിന് വിലക്കുണ്ടാകും.