ദോഹ- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഖത്തര്‍ നിര്‍ത്തിവെച്ച തൊഴില്‍ റിക്രൂട്‌മെന്റുകള്‍ നവംബര്‍ 15 മുതല്‍ പുനരാരംഭിക്കും. ഞായറാഴ്ച മുതല്‍ തൊഴില്‍ റിക്രൂട്‌മെന്റ് അനുമതികള്‍ നല്‍കാന്‍ ഖത്തല്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികള്‍ നല്‍കുന്ന അപേക്ഷകളാണ് സ്വീകരിക്കുക. ഇതു വിശദമായി പരിശോധിക്കും. പുതുതായി എടുക്കുന്ന തൊഴിലാളികളുടെ വേതനം, മതിയായ താമസ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് കമ്പനികള്‍ നല്‍കുന്ന പരിഗണന എന്നിവയാണ് പരിശോധിക്കുക. കമ്പനികളുടേയും സ്ഥാപനങ്ങളുടേയും യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് തൊഴില്‍ മന്ത്രാലയം റിക്രൂട്‌മെന്റ് അനുമതി നല്‍കുക.
ജോലി ലഭിച്ച് രാജ്യത്ത് പ്രവേശിക്കാന്‍ എക്‌സപ്ഷനല്‍ റീ എന്‍ടി പെര്‍മിറ്റ് ആവശ്യമാണ്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിച്ച് 14 ദിവസം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയും വേണം. പുതിയ തൊഴിലാളികളുടെ എന്‍ട്രി പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കേണ്ടതും ക്വാറന്റീന്‍ ചെലവുകള്‍ വഹിക്കേണ്ടതും തൊഴില്‍ നല്‍കുന്ന കമ്പനികളാണ്.