തിരുവനന്തപുരം- ബിനീഷ് കോടിയേരിക്കെതിരായ കേസുകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല. തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.മാറി നില്‍ക്കാനുള്ള സന്നദ്ധത കോടിയേരി അറിയിച്ചു. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കോടിയേരി സ്ഥാനമൊഴിയുന്നത് എന്നത് ശ്രദ്ധേയമാണ്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടിയേരി രാജിവെക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നെങ്കിലും രാജി വെക്കേണ്ടതില്ലെന്നായിരുന്നു സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പറഞ്ഞു സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നും അദ്യമായാണ് ഒരാള്‍ സ്ഥാനമൊഴിയുന്നത്. നേരത്തെ അമേരിക്കയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അപ്പോള്‍ പോലും സ്ഥാനം ഉപേക്ഷിച്ചിരുന്നില്ല .