ഷാർജ- കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൻ മേഖലകളിൽ നിന്നും ബാച്‌ലർ താമസക്കാരെ ഒഴിപ്പിക്കാൻ ഷാർജ മുനിസിപ്പാലിറ്റി നീക്കമാരംഭിച്ചു. കുടുംബങ്ങളുടെ പരാതികൾ വർധിച്ചതോടെയാണ് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം മുനിസിപ്പാലിറ്റി നടപടികൾ ശക്തമാക്കിയത്. താമസ ചട്ട ലംഘനങ്ങൾ പിടികൂടുന്നതിന് പരിശോധനകൾ കർശനമാക്കിയെന്നും വിവിധയിടങ്ങളിൽ പരിശോധന നടത്തിയെന്നും മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു.
കുടുംബ സമേതം കഴിയുന്ന താമസക്കാർ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകളിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലെ ബാച്‌ലർ താമസക്കാരെ കണ്ടെത്താനാണിത്. ഇതിനകം ഷാർജയിൽ വിവിധയിടങ്ങളിലെ 1,492 ബാച്‌ലർ താമസ കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ മേഖലകളിൽ നിന്നും വ്യവസായ മേഖലകളിലേക്ക് ബാച്‌ലർ താമസക്കാരെ മാറ്റാൻ ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, 1,143 ബാച്‌ലർ താമസ കേന്ദ്രങ്ങൾ മാത്രമാണ് അധികൃതരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തിട്ടുള്ളത്. ഉത്തരവ് അനുസരിക്കാത്ത 349 കേന്ദ്രങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചട്ടലംഘനം നടത്തിയ താമസ കേന്ദ്രങ്ങളുടെ ഉടമകൾ അനുവദിച്ച സമയപരിധിക്കുള്ളിൽ തിരുത്താൻ തയാറായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും സുവൈദി മുന്നറിയിപ്പു നൽകി.
കുടുംബ സമേതം താമസിക്കാൻ മികച്ച ഇടമായി പേരെടുത്ത ഷാർജയുടെ സൽപ്പേര് സംരക്ഷിക്കുന്നതിനാണ് അധികൃതരുടെ പുതിയ നീക്കം. ബാച്‌ലർ താമസക്കാർക്ക് പ്രത്യേക മേഖലകൾ ഭരണകൂടം നിശ്ചിയിച്ചു നൽകിയിട്ടുണ്ട്. തൊഴിലാളികൾ, ജീവനക്കാർ, ഉദ്യോഗസ്ഥർ, ടെക്‌നീഷ്യൻമാർ തുടങ്ങി എല്ലാ ബാച്‌ലർ താമസക്കാരും വ്യവസായ മേഖലകളിലോ അൽ സജ്ജയിലോ താമസം തരപ്പെടുത്തണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരായ ബാച്‌ലർമാർക്ക് കർശന ചട്ടങ്ങൾ പാലിച്ച് കുടുംബങ്ങൾ കഴിയുന്ന ഫ്‌ളാറ്റുകളിലും വില്ലകളിലും താമസിക്കാൻ അനുമതി നൽകുന്നുണ്ട്.