ദുബയ്- സ്‌കൂളില്‍ പോകാന്‍ അനുവദിക്കാതെ വീട്ടിനുള്ളിലെ മുറിയിലാക്കി അമ്മ അടച്ചു പൂട്ടിയ 14-കാരിയെ ദുബയ് പോലീസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സംഘം വീട്ടിലെത്തി മോചിപ്പിച്ചത്. മുറിയിലകപ്പെട്ട പെണ്‍കുട്ടി തന്റെ പക്കലുണ്ടായിരുന്ന ഐ പാഡ് ഉപയോഗിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പോലീസുമായി ബന്ധപ്പെട്ടതെന്ന് ദുബയ് പോലീസ് മനുഷ്യാവകാശ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മുര്‍റ് പറഞ്ഞു. സഹായം തേടിയ ഉടന്‍ ഒരു പോലീസ് സംഘത്തെ വീട്ടിലേക്ക് അയച്ചാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
സ്‌കൂളില്‍ നിന്നും കൂട്ടുകാരോടൊപ്പം പുറത്തു പോയി റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുള്ള ശിക്ഷയായാണ് മാതാവ് പെണ്‍കുട്ടിയെ വീട്ടിലെ മുറിയിലടച്ചത്. മാതാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇതെല്ലാം അറിയാവുന്ന പിതാവ് വിഷയത്തില്‍ ഇടപെട്ടില്ലെന്നും ബ്രിഗേഡിയര്‍ മുഹമ്മദ് പറഞ്ഞു. രണ്ടു ദിവസമായി സ്‌കൂളില്‍ വിടാതെ പെണ്‍കുട്ടിയെ മുറിയിലടച്ചതായിരുന്നുവെന്ന് ദുബയ് പോലീസ് വനിതാ ശിശു സംരക്ഷണ വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സഈദ് റാശിദ് അല്‍ ഹെലി പറഞ്ഞു.
പെണ്‍കുട്ടിയെ അച്ചടക്കം ശീലിപ്പിക്കാനാണ് ഇതു ചെയ്തതെന്ന് മാതാവ് പോലീസിനോട് പറഞ്ഞു. കൗമാരക്കാരായ മക്കളോട് ഈ രീതിയിലല്ല പെരുമാറേണ്ടതെന്ന് ഉപദേശിച്ച പോലീസ് ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു കരാറെഴുതി ഒപ്പിട്ട ശേഷം മാതാവിനെ ശാസിച്ചു വിട്ടയച്ചു. ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ കോടതിയില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കിയിട്ടുണ്ട്.