കൊച്ചി- സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഏഴ് കേസുകളില്‍ അഞ്ചെണ്ണത്തിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തലശ്ശേരിയി ബി.ജെ.പി നിയന്ത്രണത്തിലുള്ള ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റാണ് രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലും കേരള പോലീസ് സി.ബി.ഐയേക്കാള്‍ മുന്‍പിലാണ്. കേസുകളില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുകയാണെന്നും കേരള പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.