കൊച്ചി- സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറിൽനിന്ന് എൻ.ഐ.എ കണ്ടെടുത്ത ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ലഭിച്ച കോഴ വിഹിതമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദ് സ്വപ്‌ന സുരേഷിന് കൈമാറിയ ഈ തുക ശിവശങ്കറിനുള്ളതാണ് എന്നാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി വ്യക്തമാക്കിയത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ടെണ്ടർ വിവരങ്ങൾ എം.ശിവശങ്കർ സ്വപ്‌നസുരേഷിന് കൈമാറി. ലേല നടപടികൾ തുടങ്ങുന്നതിന് മുമ്പായിരുന്നു ഇത്. ലൈഫ് മിഷന്റെ 36 പ്രൊജക്ടുകളിൽ 26 എണ്ണവും രണ്ടു കമ്പനികൾക്കാണ് ലഭിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സ്വപ്‌നസുരേഷ് ആയിരുന്നു.