Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റ് താരങ്ങൾക്കും ഡോപ്പിംഗ് പരിശോധന നടത്തണമെന്ന് സർക്കാർ

ന്യൂദൽഹി- രാജ്യത്ത് നടക്കുന്ന ആഭ്യന്തര അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കളിക്കാരുടെ ഉത്തേജക പരിശോധന നടത്താൻ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് (നാഡ) കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) ചട്ടം നടപ്പാക്കാനാണ് സർക്കാർ നാഡക്ക് നിർദേശം നൽകിയിട്ടുള്ളതെന്ന് ഒരു പ്രമുഖ ദേശീയ പത്രം റിപ്പോർട്ട് ചെയ്തു. ബി.സി.സി.ഐ എതിർക്കുന്ന പക്ഷം നടപടിയുണ്ടാവുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ബി.സി.സി.ഐ അംഗീകാരമുള്ള ടൂർണമെന്റുകൾക്കിടെ കളിക്കാരിൽനിന്ന് മൂത്ര സാമ്പിൾ ശേഖരിക്കുന്നതിന് നാഡയുടെ ഉത്തേജക വിരുദ്ധ ഓഫീസർമാർക്ക് പൂർണ അധികാരമുണ്ടായിരിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിരിക്കുന്നത്.
ക്രിക്കറ്റ് കളിക്കാരുടെ ഉത്തേജക പരിശോധന നടത്തുന്നതിനെ നേരത്തെ ബി.സി.സി.ഐ എതിർത്തിരുന്നു. ഇതേത്തുടർന്ന് ക്രിക്കറ്റ് കളിക്കാരുടെ ഉത്തേജക പരിശോധന നടത്താൻ നാഡയെ അനുവദിക്കണമെന്ന് ബി.സി.സി.ഐക്ക് നിർദേശം നൽകണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് വാഡ ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ നടപടികളിൽ ബി.സി.സി.ഐ സഹകരണം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിനും വാഡ എഴുതി. അല്ലാത്ത പക്ഷം നാഡയുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് വാഡ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 
ക്രിക്കറ്റ് കളിക്കാരിൽനിന്ന് സാമ്പിളുകൾ ശേഖരിക്കാൻ നാഡ ഡയറക്ടർ ജനറലിന് നിർദേശം നൽകിയതായി കായിക മന്ത്രാലയ സെക്രട്ടറി രാഹുൽ ഭട്‌നാഗർ വെളിപ്പെടുത്തി. ബി.സി.സി.ഐ എതിർക്കുകയോ, എന്തെങ്കിലും തരത്തിലുള്ള തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നപക്ഷം ബോർഡിനെതിരെ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആദ്യം മത്സരങ്ങൾക്കിടയിലായിരിക്കും കളിക്കാരിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുക. പിന്നീട് മത്സരമില്ലാത്ത സമയത്തും സാമ്പിളുകൾ ശേഖരിക്കും. ഇക്കാര്യത്തിൽ നാഡയുടെ ഇമെയിലുകളോട് ബി.സി.സി.ഐ പ്രതികരിച്ചില്ല എന്നു കരുതി ഞങ്ങൾ ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറാൻ പോകുന്നില്ല. ആദ്യം അവർ ഉത്തേജക പരിശോധനയെ തടയുന്നുണ്ടോ എന്നു നോക്കട്ടെ. അതിനു ശേഷം എന്തു നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനക്കും. വാഡയുടെ മാനദണ്ഡങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസൃതമായിരിക്കും പരിശോധനകൾ നടത്തുകയെന്നും ഭട്‌നാഗർ പറഞ്ഞു.
ബി.സി.സി.ഐ എതിർപ്പ് തുടരുന്നപക്ഷം വിഷയം കോടതിയിലെത്തിക്കുമെന്ന് മന്ത്രാലയത്തിലെ മറ്റൊരു ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ബി.സി.സി.ഐ ഒരു പൊതു സ്ഥാപനമാണ്. അവർ കായിക മന്ത്രാലയത്തിൽനിന്ന് ഗ്രാന്റ് സ്വീകരിക്കുന്നില്ലെന്നത് ശരി തന്നെ. എന്നാൽ രാജ്യാന്തര മത്സരങ്ങളും ടൂർണമെന്റുകളും സംഘടിപ്പിക്കുമ്പോൾ മറ്റ് സ്‌പോർട്‌സ് ഫെഡറേഷനുകളെ പോലെ അവർ മന്ത്രാലയത്തിന്റെ അനുമതി തേടാറുണ്ട്. അതുകൊണ്ട് ക്രിക്കറ്റ് കളിക്കാരുടെ ഉത്തേജക പരിശോധന നടത്താൻ നാഡയെ തങ്ങൾ അനുവദിക്കില്ലെന്നും സ്വകാര്യ ഏജൻസികളെ ഏൽപിക്കുമെന്നും അവർക്ക് പറയാനാവില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
 

Latest News