Sorry, you need to enable JavaScript to visit this website.

മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയ യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത നിലയില്‍

ബിനേഷ് ശ്രീധരന്‍

നിലമ്പൂര്‍- പോത്തുകല്ല് ഞെട്ടിക്കുളത്ത് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയ രഹ്നയുടെ ഭര്‍ത്താവിനെ  ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.  ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരനെ(35) സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടിമുട്ടിയിലെ ജ്യേഷ്ഠന്റെ വീട്ടിലായിരുന്ന ശ്രീധരന്‍റെ മൃതദേഹം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കണ്ടെത്തിയത്. 

രഹ്നയെയും മക്കളായ ആദിത്യന്‍ അര്‍ജുന്‍, അഭിനവ് എന്നിവരെയും കഴിഞ്ഞ ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ  വിനേഷിന് പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് രഹ്ന ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ആരോപിച്ച് രഹ്നയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

ഭാര്യയും മക്കളും ആത്മഹത്യ ചെയ്യുമ്പോള്‍ ബിനേഷ് സ്ഥലത്തില്ലായിരുന്നു. കണ്ണൂര്‍ ഇരിക്കൂറില്‍ റബ്ബര്‍ ടാപ്പിങ്ങിനു പോയതായിരുന്നു. കഴിഞ്ഞമാസം 29-ന് വന്നതിനുശേഷം നവംബര്‍ മൂന്നിനാണ് തിരികെ പോയത്. രണ്ട് കുട്ടികളുടെ ജന്മദിനം ഒന്നിച്ചാഘോഷിച്ചാണ് തിരിച്ചുപോയിരുന്നത്.

Latest News