ജിസാന്‍- സാംതയിലെ താമസ സ്ഥലത്തിനടുത്ത മരുപ്രദേശത്തു അഴുകിയ നിലയില്‍ കാണപ്പെട്ട തമിഴ്‌നാട് കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റി (47)ന്റെ മൃതദേഹം അബൂ അരീഷിന് അടുത്ത ശ്മശാനത്തില്‍ മറവു ചെയ്തു.
റോമന്‍ കാത്തലിക് വിഭാഗത്തില്‍ പെട്ട സ്റ്റീഫന്റെ മൃതദേഹം മതാചാരപ്രകാരം അടക്കം ചെയ്യുന്നതിനുള്ള സഹായമൊരുക്കിയത് ജിസാന്‍ കെ.എം.സി.സിയാണ്. ജെയ്‌സണ്‍ കണ്ണൂര്‍, റോയി പി ബേബി, സാജന്‍ ആലപ്പുഴ, ജിബിന്‍ എറണാകുളം എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
സാംത ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കെ എം സി സി ചെയര്‍മാന്‍ റസാഖ് വെളിമുക്ക്, പ്രസിഡന്റ് മുനീര്‍ ഹുദവി ഉള്ളണം, രാജ് മോഹന്‍ തിരുവനന്തപുരം എന്നിവരുടെ സാന്നിധ്യത്തില്‍ സഹോദരന്‍ അഗസ്റ്റിന്‍ സൗരി രാജ് അധികൃതരില്‍നിന്ന് ഏറ്റു വാങ്ങി.
സംസ്‌കാര ചടങ്ങില്‍ ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, ട്രഷറര്‍ ഖാലിദ് പട്‌ല, സ്റ്റീഫന്റെ സഹോദരന്‍ സൗരി രാജ്, സുഹൃത്തുക്കളായ മഗേന്ദ്രന്‍, ബിബിന്‍, കൃഷ്ണന്‍ പങ്കെടുത്തു.
25 വര്‍ഷമായി ഖമീസ് മുശൈതില്‍ പ്രവാസിയായി തുടരുന്ന സ്റ്റീഫന്‍ അഞ്ച് വര്‍ഷം മുമ്പ് ഒരു മാസത്തെ ലീവിന് നാട്ടില്‍ പോയി തിരിച്ചു വന്നതായിരുന്നു.
നാടുമായും വീട്ടുകാരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ല. അവിവാഹിതനാണ്. പരേതരായ അഗസ്റ്റിന്‍ - അന്നമ്മ ദമ്പതികളുടെ മകനാണ്.