കാസര്‍കോട്- വ്യാപാരിയെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിനി അബ്ബാസിന്റെ ഭാര്യ പി സുബൈദ(39)യെയാണ് ബേഡകം ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
സുബൈദയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് യുവതിയെകണ്ണൂര്‍ തോട്ടടയിലെ സ്‌പെഷ്യല്‍ വനിതാ ജയിലിലേക്ക് കൊണ്ടുപോയി. 2020 സെപ്തംബര്‍ 20 ന് ബേഡകം സ്വദേശിയായ വ്യാപാരിയെ വീടും സ്ഥലവും വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് അഞ്ചാംമൈലിലേക്ക് വിളിപ്പിക്കുകയും അവിടെയെത്തിയ വ്യാപാരിയെ വീട്ടിനകത്ത് മുറിയില്‍ പൂട്ടിയിടുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഭീഷണിപ്പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ മൊത്തം ആറപ്രതികളാണുള്ളത്. കേസിലെ പ്രധാന പ്രതിയാണ് സുബൈദയെന്ന് പോലീസ് പറഞ്ഞു. മൂന്നാംപ്രതിയായ പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറിനെ (36) നേരത്തെ കാസര്‍കോട് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒരു സ്ത്രീയടക്കം നാലുപേരെ പിടികിട്ടാനുണ്ട്.