ഹായില്‍ - ആലിപ്പഴ വര്‍ഷം വെള്ള പുതച്ച മരുഭൂമിയിലൂടെ മൂടല്‍മഞ്ഞിനിടെ ഒട്ടകക്കൂട്ടങ്ങള്‍ നിരനിരയായി നടന്നുനീങ്ങുന്നതിന്റെ നയനാന്ദകരമായ അത്യപൂര്‍വ ദൃശ്യങ്ങള്‍ കാലാവസ്ഥാ നിരീക്ഷകരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഹായിലിലും പരിസരപ്രദേശങ്ങളിലും തിങ്കളാഴ്ച പെയ്ത കനത്ത മഴക്കിടെ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമി ആലിപ്പഴ വര്‍ഷത്തില്‍ ശുഭ്രവസ്ത്രാങ്കിതയായി. ഇതോടൊപ്പം കാര്‍മേഘം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു.
ഇത്തരമൊരു അത്യപൂര്‍വ ദൃശ്യത്തിനിടെയാണ് ഒട്ടകങ്ങള്‍ നിരനിരയായി നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാലാവസ്ഥാ നിരീക്ഷണം ഹോബിയാക്കിയ സൗദി പൗരന്‍ ചിത്രീകരിച്ചത്.
മരുഭൂകപ്പല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒട്ടകങ്ങള്‍ മഞ്ഞുകട്ടകള്‍ വെള്ളപുതച്ച മരുഭൂമിയിലൂടെ മൂടല്‍ മഞ്ഞിനിടെ നടന്നുനീങ്ങുന്ന കാഴ്ച വിസ്മയമായി.