തിരുവനന്തപുരം- സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഫാനിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും കേരള പോലീസ്. ഫാനിൽനിന്നാണ് തീപ്പിടിച്ചത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ഗ്രാഫിക്‌സും പോലീസ് പുറത്തുവിട്ടു. അതേസമയം, തീപ്പിടിത്തം ഉണ്ടായ സ്ഥലത്തുനിന്ന് അൽപം അകലെയുള്ള ക്യാബിനിൽ ഉണ്ടായിരുന്ന മദ്യകുപ്പിയിൽ തീപ്പിടിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കുപ്പിയിൽ മദ്യം ഉണ്ടായിരുന്നില്ല. കാബിൻ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനിൽനിന്ന് ഇക്കാര്യത്തിൽ പോലീസ് വിശദീകരണം തേടി. തീപിടിത്തം ഉണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാധനങ്ങൾ വിദ്ഗ്ധ പരിശോധനക്ക് അയക്കാനും തീരുമാനിച്ചു.
2013-ൽ നിർമ്മിച്ച ഫാനിൽ ഇലക്ട്രിക്കൽ തകരാർ ഉണ്ടായിരുന്നുവെന്നും തുടർച്ചയായി പ്രവർത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെൽഫിന് മുകളിലെ പേപ്പറിൽ വീണു തീപ്പിടിച്ചതാകാനാണ് സാധ്യതയെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.