കോഴിക്കോട്- എം.സി കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോഴിക്കോട് ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന അന്വേഷണങ്ങളെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയർന്ന ആരോപണങ്ങളെയും മറികടക്കാൻ കമറുദ്ദീനെ കരുവാക്കുകയാണ് ചെയ്തത്. നിക്ഷേപകരുടെ പണം തിരികെ കൊടുക്കണമെന്നും നിയമ നടപടി അതിന്റെ വഴിക്ക് പോകട്ടെയെന്നുമുള്ള പാർട്ടി നിലപാട് ആയിരുന്നു ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.സി കമറുദ്ദീന്റെ ബിസിനസ് തകർന്നതാണ്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെങ്കിൽ സിറ്റിംഗ് എം.എൽ.എമാർ വരെയുണ്ട് ആരോപണവിധേയരായവർ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമറുദ്ദീനെതിരായ നടപടി നിയമപരമായി ഒരിക്കലും നിലനിൽക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്യുമെന്ന അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് ചോദ്യം ചെയ്യുന്നതിനിടെ തന്നെ പത്രസമ്മേളനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര എജൻസികൾ ചോദ്യം ചെയ്യലിന്റെ വിവരങ്ങൽ ചോർത്തുന്നു എന്നാണ് സി.പി.ഐ,എമ്മിന്റെയും സർക്കാരിന്റെയും പരാതി, ഇവിടെ നേരിട്ട് വന്ന് ഉദ്യോഗസ്ഥൻ വാർത്താസമ്മേളനം നടത്തുന്നു. ചോദ്യം ചെയ്യുന്നതിനിടക്ക്, അറസ്റ്റ് ഉണ്ടാവും ഇന്ന് തന്നെ ഉണ്ടാവും എന്ന് പറയുന്നെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അന്വേഷണം പോലും പൂർത്തിയായിട്ടില്ല. ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും ആരോപണങ്ങൾ എല്ലാം ശരിയാകുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മുഖ്യമന്ത്രി തൊട്ട് താഴോട്ട് നിരവധി മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.