തിരുവനന്തപുരം- മന്ത്രിയായിരിക്കെ ലൈംഗികമായി പീഡിപ്പിച്ചെന്ന സോളാര്‍ കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി കോണ്‍ഗ്രസ് നേതാവായ എ.പി. അനില്‍കുമാറിനെ പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു.
കേസ് അന്വേഷിക്കുന്ന കൊല്ലം അഡീഷണല്‍ കമീഷണര്‍ ജോസി ചെറിയാന്‍ മുമ്പാകെയാണ് സോളാര്‍ കേസിലെ പ്രതി മൊഴി നല്‍കിയത്. െ്രെകംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്.
എ.പി അനില്‍കുമാര്‍ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൗസ്, കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍, ദല്‍ഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളിലായി പ്രതി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എന്ന പേരിലാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ.പി അനില്‍കുമാര്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സോളാര്‍ പ്രതിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പ്രതി പോലീസിനു കാണിച്ചിട്ടുണ്ട്.
അതേസമയം, മൊഴിയിലും തെളിവെടുപ്പിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ടെന്ന് പോലീസ് വിശദീകരിക്കുന്നുണ്ട്. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടാണ്. പീഡനം നടന്നെന്ന് പറയുന്ന മുറിയില്‍ അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലില്‍ നിന്ന് തെളിവ് ലഭിച്ചിട്ടില്ല.